ദുബായ്: യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര ഗെയിമിങ് നറുക്കെടുപ്പുകളായ ദുബായ് മഹ്‌സൂസ്, എമിറേറ്റ്സ് ഡ്രോ എന്നിവ താൽക്കാലികമായി നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ 2024ലെ പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് ഇരു ഡ്രോകളുടെയും സംഘാടകർ അറിയിച്ചു. യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിർദേശപ്രകാരമാണിത്.
കഴിഞ്ഞ സെപ്റ്റംബറിൽ രൂപീകൃതമായ ജിസിജിആർഎ ഇത്തരം ലൈവ് ഗെയിമിങ് ഡ്രോകൾക്കു വേണ്ടി പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനു ശേഷം നറുക്കെടുപ്പുകൾ പുനരാരംഭിച്ചേക്കും. 2024 ജനുവരി 1 മുതലുള്ള ഇടവേള താൽക്കാലികമാണെന്ന് മഹ്സൂസും എമിറേറ്റ്സ് ഡ്രോയും അറിയിച്ചെങ്കിലും ഗെയിമുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് മികച്ചതും കുറ്റമറ്റതുമായ ഗെയിമിങ് അന്തരീക്ഷം ഒരുക്കാനാണ് ജിസിജിആർഎ ശ്രമിക്കുന്നതെന്ന് മഹ്സൂസ് അധികൃതർ സൂചിപ്പിച്ചു. എമിറേറ്റ്സ് ഡ്രോയും നിർത്തിവച്ചെങ്കിലും മറ്റു ഗെയിമിങ് കമ്പനികൾ എപ്പോൾ ഇത് പിന്തുടരുമെന്ന് വ്യക്തമായിട്ടില്ല. ഗെയിമിങിലെ സുതാര്യത, ഉത്തരവാദിത്തം, സമഗ്രത എന്നിവ ഉയർത്തിപ്പിടിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും മഹ്സൂസ് പ്രസ്താവിച്ചു.
+ There are no comments
Add yours