ജോലിഭാരങ്ങൾ കുറവ്, സ്കൂൾ സമയങ്ങളിൽ വലിയ മാറ്റം, പാർക്കിം​ഗ് നിരക്കിലും വ്യത്യാസം; പുണ്യമാസത്തെ വരവേൽക്കാൻ യുഎഇ പൂർണ്ണസജ്ജം

1 min read
Spread the love

പുണ്യമാസത്തെ വരവേൽക്കാൻ യുഎഇ പൂർണ്ണമായും സജ്ജമായി കഴിഞ്ഞു. ലോകത്ത് മറ്റേത് രാജ്യത്തെക്കാളും കഠിനവ്രതമെടുക്കുന്നതും കൂടുതൽ ഭക്തിയോടെ നോമ്പ് കാലത്തെ വരവേൽക്കുന്നതും ​ഗൾഫ് രാജ്യങ്ങളാണെന്ന് പറയാൻ സാധിക്കും.

ഓരോ രാജ്യത്തും അവരുടേതായ രീതിയിലാണ് റമദാൻ ആരംഭിക്കുന്നതും അവസാനിക്കുന്നതും. യുഎഇയിൽ വളരെ വിത്യസ്തമായ രീതിയിൽ ജനസൗഹാർദ്ദപരമായും നിയമങ്ങളിൽ വിട്ടുവീഴ്ചയില്ലാതെയുമാണ് വ്രതാരംഭം.

യുഎഇയിലെങ്ങുമുള്ള മുസ്​ലിങ്ങൾ ഒരു മാസത്തെ ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും ഒരുക്കത്തിലാണ്. റമസാനിൽ ദൈനംദിനചര്യകൾ മാറും – ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് കൂടാതെ, രാജ്യത്തുടനീളമുള്ള പള്ളികളിൽ തറാവീഹ് എന്ന പ്രത്യേക രാത്രി പ്രാർഥന നടത്തും. മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ ഖിയാമുൽ ലൈൽ പ്രാർഥനകൾ നടക്കും.

ഈ വർഷത്തെ റമദാൻ ആരംഭം

റമദാന് മുൻപുള്ള ഹിജ്റ മാസമായ ഷഅബാന്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല ജനുവരി 31ന് കണ്ടു. ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻ്റ് പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടർ പ്രകാരം ഈ വർഷം മാർച്ച് 1ന് റമസാൻ ആരംഭിക്കും

റമദാൻ വ്രതാരംഭം

റമദാനിലെ ആദ്യ ദിനത്തിൽ 12 മണിക്കൂറും 58 മിനിറ്റും ആയിരിക്കും നോമ്പിന്റെ ദൈർഘ്യം. റമസാനിലെ 11-ാം ദിവസം അതിരാവിലെ ഫജർ നമസ്കാരത്തിന്റെ സമയം 5.16 നും മഗ്​രിബ്(പ്രദോഷം) നമസ്കാരം വൈകിട്ട് 6.29 നും ആകുമ്പോൾ നോമ്പ് സമയം 13 മണിക്കൂറും 13 മിനിറ്റുമായി വർധിക്കും. മാസത്തിന്റെ അവസാന ദിവസം 13 മണിക്കൂറും 41 മിനിറ്റും വ്രതമെടുക്കേണ്ടിവരും. 2024 നെ അപേക്ഷിച്ച് 2025 ലെ നോമ്പ് സമയം കുറവാണ്. കഴിഞ്ഞ വർഷം നോമ്പ് സമയം 13 മണിക്കൂറും 16 മിനിറ്റും മുതൽ ഏകദേശം 14 മണിക്കൂർ വരെയായിരുന്നു.

∙സ്കൂൾ, ജോലി സമയക്രമം

സ്കൂളിനും ജോലിക്കുമുള്ള സമയക്രമം ഒരു മാസത്തേക്ക് പുതുക്കി. സാധാരണഗതിയിൽ സ്കൂൾ സമയം രണ്ട് മണിക്കൂർ ചുരുക്കുന്നു. സർക്കാർ ഓഫിസുകളും സ്വകാര്യ മേഖലയിലെ കമ്പനികളും അവരുടെ പ്രവർത്തന സമയം മാറ്റുന്നു. ഈ വർഷം പല സ്കൂളുകളിലും മധ്യകാല അവധി കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് റമസാൻ ആരംഭിക്കുന്നത്. രാജ്യാന്തര പാഠ്യപദ്ധതി സ്കൂളുകൾക്കായുള്ള ടേം-എൻഡ് പരീക്ഷകളോടും ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾക്കായുള്ള അവസാന പരീക്ഷകളോടും ഈ മാസം ചേർന്നുനിൽക്കുന്നു. അവ സാധാരണയായി ഫെബ്രുവരി-മാർച്ച് മാസങ്ങളിളാണ് ഷെഡ്യൂൾ ചെയ്യുക. ചില സ്കൂളുകൾ പരീക്ഷകൾ പുനഃക്രമീകരിച്ചപ്പോൾ മറ്റു ചിലത് റദ്ദാക്കിയിട്ടുമുണ്ട്.

സാലിക്, പാർക്കിം​ഗ് നിരക്കുകൾ

വ്യത്യസ്ത സമയങ്ങളിൽ ടോൾ ഗേറ്റിന് കീഴിൽ ഓരോ തവണയും കാർ കടന്നുപോകുന്നതിന് 6 ദിർഹം എന്ന പീക്ക്-അവർ നിരക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ബാധകമാകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ രാവിലെ 9 വരെയും വൈകിട്ട് 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും തിരക്കില്ലാത്ത സമയങ്ങളിൽ നിരക്ക് 4 ദിർഹവും ആയിരിക്കും. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 2 മുതൽ 7 വരെ സൗജന്യവുമായിരിക്കും. ഞായറാഴ്ചകളിൽ (പൊതു അവധി ദിവസങ്ങളിലും പ്രധാന പരിപാടികളിലും ഒഴികെ), സാലിക് ഫീസ് ദിവസം മുഴുവൻ രാവിലെ 7 മുതൽ പുലർച്ചെ 2 വരെ 4 ദിർഹം ആയിരിക്കും. കൂടാതെ പുലർച്ചെ 2 മുതൽ 7 വരെ സൗജന്യം. പണമടച്ചുള്ള പാർക്കിങ് സമയത്തിനും റമസാനിൽ മാറ്റമുണ്ട്. ഈ വർഷം, വേരിയബിൾ പാർക്കിങ് താരിഫ് നയം 2025 മാർച്ച് അവസാനത്തോടെ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പെരുന്നാൾ അവധിയോട് അടുത്ത് രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹവും മറ്റ് പൊതു പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 4 ദിർഹവും നിശ്ചയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ താരിഫുകൾ മാറ്റമില്ലാതെ തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും പാർക്കിങ് സൗജന്യമായിരിക്കും, ഞായറാഴ്ചകളിൽ ദിവസം മുഴുവൻ സൗജന്യമാണ്.

ഈദ് അൽ ഫിത്ർ

പെരുന്നാൾ( ഈദ് അൽ ഫിത്ർ) മാർച്ച് 30 നോ 31നോ അല്ലെങ്കിൽ ഏപ്രിൽ 1 വന്നേക്കാം. പെരുന്നാൾ ഏപ്രിൽ 1 ന് വന്നാൽ ഇത് യുഎഇ നിവാസികൾക്ക് വാരാന്ത്യത്തോടൊപ്പം ആറ് ദിവസത്തെ അവധി ദിനങ്ങൾ വരെ ലഭിക്കും. സാധാരണയായി റമസാൻ 30 മുതൽ ശവ്വാൽ 3 വരെയാണ് പെരുന്നാളവധി.

റമദാൻ കാലത്തെ കാലാവസ്ഥ

റമദാൻ മാസത്തിലെ ആദ്യ ദിവസങ്ങളിൽ തന്നെ യുഎഇയിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 25ന് ശീതക്കാറ്റ് ആഞ്ഞടിച്ചതോടെ രാജ്യത്ത് പലയിടത്തും അഞ്ച് ഡിഗ്രിയിലേറെ താപനില കുറഞ്ഞു. ഇന്നലെ പത്ത് ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നു യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില. വരുന്ന കുറച്ച് ദിവസങ്ങൾ കൂടി താപനില കുറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിലെ വിദഗ്ദ്ധർ അറിയിച്ചു.അറേബ്യൻ ഗൾഫിന്റെ വടക്ക് നിന്ന്, പ്രത്യേകിച്ച് സൗദി അറേബ്യയിൽ നിന്നും ഇറാഖിൽ നിന്നും നീങ്ങുന്ന ഒരു വായുപ്രവാഹം യുഎഇയിലെ കാലാവസ്ഥയെ സ്വാധീനിച്ചുവെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ നിരീക്ഷകനായ ഡോ. അഹമ്മദ് ഹബീബ് വിശദീകരിച്ചത്.

ഇറാഖ്, വടക്കൻ സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ തണുത്ത പ്രദേശത്ത് നിന്നെത്തിയ കാറ്റായതിനാലാണ് ഇത് യുഎഇയിലെ താപനില കുറച്ചത്.വരും ദിവസങ്ങളിൽ താപനിലയിൽ ചെറിയൊരു മാറ്റം മാത്രമാകും ഉണ്ടാകുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. റമദാൻ മാസത്തിന്റെ തുടക്കത്തിൽ സുഖകരമായ കാലാവസ്ഥയാകും അനുഭവപ്പെടുക. രാവിലെയും രാത്രിയും തണുത്ത കാലാവസ്ഥയായിരിക്കും. ഉൾപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും താപനില വലിയ രീതിയിൽ കുറയും.

4343 തടവുക്കാർക്ക് മോചനം

യുഎഇയിലെ ജയിലുകളിൽ കഴിയുന്ന 4343 ലധികം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായാണ് 4343 തടവുകാരെ മോചിപ്പിക്കാൻ യുഎഇ രാഷ്ട്രത്തലവനാണ് ഉത്തരവിട്ടിരിക്കുന്നത്. ശിക്ഷയുടെ ഭാ​ഗമായി തടവുകാർക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ വർഷവും റമദാനിന് മുന്നോടിയായി നിരവധി തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം 735 തടവുകാർക്കാണ് മോചനം ലഭിച്ചത്. ശിക്ഷാ കാലയളവിലെ സ്വഭാവം കണക്കിലെടുത്താണ് മോചനത്തിന് പരിഗണിക്കുക.

ദുബായ്: ദുബായിലെ ജയിലുകളിൽ നിന്ന് 1518 തടവുകാർക്ക് മോചനം നൽകാൻ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം നിർദ്ദേശിച്ചു.

ഷാർജ: ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 707 തടവുകാർക്ക് മോചനം നൽകാനാണ് തീരുമാനിച്ചത്.

അജ്മാൻ: അജ്‌മാനിലെ ജയിലുകളിൽ നിന്ന് 207 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഉത്തരവ് നൽകി.

റാസൽഖൈമ: റാസൽഖൈമ 506 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഫുജൈറയിലെ ജയിലുകളിൽ നിന്ന് 111 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി നിർദ്ദേശിച്ചു

ഈ വർഷം നോമ്പ് സമയം 13 മണിക്കൂർ

ഈ വർഷം റമസാൻ 30 തികയുമെന്നും നോമ്പിന്റെ പ്രതിദിന ദൈർഘ്യം ഏകദേശം 13 മണിക്കൂറായിരിക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പ് തുടങ്ങും മുതൽ അവസാനിക്കും വരെയുള്ള സമയത്തിൽ കിഴക്കൻ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശങ്ങൾക്ക് അനുസൃതമായി 20 മിനിറ്റ് വരെ വ്യത്യാസമുണ്ടായിരിക്കും. എങ്കിലും യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്രതസമയം 13 മണിക്കൂർ കടക്കും.

മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കുമെന്ന് കൗൺസിൽ പ്രതിനിധികൾ പറഞ്ഞു. മാർച്ച് 29നു ചന്ദ്രനെ കാണാൻ സാധ്യതയില്ലാത്തതിനാൽ നോമ്പ് 30 പൂർത്തിയാക്കി 31ന് ആയിരിക്കും പെരുന്നാളെന്നും അവർ പറഞ്ഞു. അബുദാബിയുടെ ഭാഗമെങ്കിലും സൗദി അതിർത്തി പ്രദേശമായ സലയിലും യുഎഇയുടെ മറ്റൊരു അതിർത്തിയായ ഗുവൈഫാത്തിലും 20 മിനിറ്റ് വ്യത്യാസം വ്രത സമയത്തിലുണ്ടാകും.

റമദാൻ കാലത്തെ പൊതു​ഗതാ​ഗത സമയക്രമം

റമദാൻ കാലത്ത് യുഎഇയ്ലെ പൊതു​ഗതാ​ഗത സർവ്വീസിലുൾപ്പെടെ വലിയ മാറ്റങ്ങൾ സംഭവിക്കും. പൊതു ബസ്, ദുബായ് മെട്രോ, ട്രാം, ജലഗതാഗതം, പാർക്കിങ്, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, സേവന കേന്ദ്രങ്ങൾ(വാഹന പരിശോധന) എന്നിവയുടെ സമയക്രമമാണ് പുതുക്കിയത്.

ദുബായ് മെട്രോ(റെഡ്, ഗ്രീൻലൈൻ സ്റ്റേഷനുകൾ)

തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 5 മുതൽ അർധരാത്രി വരെ
വെള്ളിയാഴ്ച: രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ
ശനിയാഴ്ച: രാവിലെ 5 മുതൽ അർധരാത്രി വരെ
ഞായറാഴ്ച: രാവിലെ 8 മുതൽ അർധരാത്രി വരെ

∙ദുബായ് ട്രാം

തിങ്കൾ മുതൽ ശനി വരെ: രാവിലെ 6 – പിറ്റേന്ന് പുലർച്ചെ ഒന്ന്
ഞായറാഴ്ച: രാവിലെ 9 – പിറ്റേന്ന് പുലർച്ചെ ഒന്ന്

∙ബസുകൾ, സമുദ്ര ഗതാഗതം

തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 5 മുതൽ അർധരാത്രി വരെ
വെള്ളിയാഴ്ച: രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ
ശനിയാഴ്ച: രാവിലെ 5 മുതൽ അർധരാത്രി വരെ
ഞായറാഴ്ച: രാവിലെ 8 മുതൽ അർധരാത്രി വരെ

∙ബസുകൾ

ബസുകൾ, ജല ഗതാഗതം:യാത്രക്കാർ S’hail ആപ്പ് സന്ദർശിച്ച് ഷെഡ്യൂളുകളിലെ മാറ്റങ്ങൾ പരിശോധിക്കണം.
∙പൊതു പാർക്കിങ് സമയം:തിങ്കൾ മുതൽ ശനി വരെ: രാവിലെ 8 മുതൽ വൈകിട്ട് 6 വരെ. രാത്രി 8 മുതൽ അർധരാത്രി വരെ. അതേസമയം, മൾട്ടി ലെവൽ പാർക്കിങ് കെട്ടിടങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും.

∙കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ

ഉമ്മു റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ തവാർ, അൽ മനാര എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വെള്ളി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും. അതേസമയം, ഉം റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കും.

സർവീസ് പ്രൊവൈഡർ സെന്ററുകൾ

തസ്ജീൽ ജബൽ അലി: തിങ്കൾ മുതൽ വ്യാഴം, ശനി വരെ: രാവിലെ 7 മുതൽ വൈകിട്ട് 4 വരെ, വെള്ളി: രാവിലെ 7 മുതൽ അർധരാത്രി വരെ. ഹത്ത: തിങ്കൾ മുതൽ വ്യാഴം, ശനി വരെ: രാവിലെ 8- വൈകിട്ട് 3, വെള്ളി: രാത്രി 8 – അർധരാത്രി 12.ഖിസൈസ്, അൽ ബർഷ, അൽ വാർസൻ: തിങ്കൾ മുതൽ വ്യാഴം, ശനി: രാവിലെ 8 മുതൽ വൈകിട്ട് 4 വരെ, രാത്രി 8 മുതൽ അർധരാത്രി വരെ. വെള്ളി: രാവിലെ 8 – അർധരാത്രി, വൈകിട്ട് 4 – അർധരാത്രി.വൈകിട്ട് 4:01 മുതൽ 7:59 വരെ. ആഴ്ചയിലുടനീളം വാഹന പരിശോധന സേവനങ്ങൾ മാത്രമേ തുറക്കുകയുള്ളൂ.

എമിറേറ്റിലെ റമദാൻ കലാ-സാംസ്ക്കാരിക പരിപാടികൾ

ഷാർജ റമദാൻ ഫെസ്റ്റിവൽ: ഷാർജ റമദാൻ ഫെസ്റ്റിവൽ 2025 ഫെബ്രുവരി 22-ന് ആരംഭിച്ച് മാർച്ച് 31 വരെ എമിറേറ്റിലെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും നടക്കും.എമിറേറ്റിലെ സന്ദർശകർക്കും താമസക്കാർക്കും ഷാർജ വാഗ്ദാനം ചെയ്യുന്ന മികച്ച വിനോദങ്ങളും ഡിസ്‌കൗണ്ടുകളും വിലപ്പെട്ട സമ്മാനങ്ങളും ആസ്വദിക്കാനുള്ള അവസരം ഫെസ്റ്റിവൽ നൽകും. പ്രധാന ഷോപ്പിംഗ് സെൻ്ററുകൾ, റീട്ടെയിൽ ഷോപ്പുകൾ, ചെറുകിട ബിസിനസുകൾ, സംരംഭകർ എന്നിവരിൽ നിന്നുള്ള വിപുലമായ പങ്കാളിത്തം ഉൾക്കൊള്ളുന്ന ഈ ഉത്സവം ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക, സാമൂഹിക, സാമ്പത്തിക ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു

റമദാൻ ജീവകാരുണ്യ ഫണ്ട്

ഈ റമദാൻ കാലത്ത് യു.എ.ഇ.യിലെ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ എല്ലാ പിതാക്കൻമാരുടെയും പേരിൽ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിനായി 100 കോടി ദിർഹത്തിന്റെ ഫണ്ട് ശേഖരിക്കും. ഫാദേഴ്‌സ്‌ എൻഡോവ്മെന്റ് എന്നാണ് കാമ്പയിന് പേര് നൽകിയിരിക്കുന്നത്. പാവപ്പെട്ടവർക്കും ചികിത്സയ്ക്കുള്ള ചെലവ് താങ്ങാനാവാത്ത നിർധനർക്കും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ പിന്തുണക്കുന്നതിനുമെല്ലാം ഈ ഫണ്ട് ഉപയോഗിക്കും.

ഇഫ്താർ പാർട്ടികൾ

യുഎഇയുടെ വിവിധയിടങ്ങളിൽ ഇഫ്താർ പാർട്ടികൾ നടക്കും. എമിറേറ്റിലെ ആരാധനാലയങ്ങളിലും മറ്റ് സാംസ്ക്കാരിക സ്ഥാപനങ്ങളിലുമായി ഇഫ്താർ പാർട്ടികൾ പൊതുവെ നടത്താറുണ്ട്. ഈ വർഷവും ഇത്തരത്തിൽ താമസക്കാർക്കും പ്രവാസികൾക്കുമായി ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കും…

റമദാൻ അടുക്കുമ്പോൾ, ആവശ്യക്കാർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കിക്കൊണ്ടോ ഇഫ്താർ ഭക്ഷണം ദാനം ചെയ്തുകൊണ്ടോ യുഎഇ നിവാസികൾ പലരും റമദാനിലെ പുണ്യം നേടാൻ ശ്രമിക്കാറുണ്ട്.

രജിസ്റ്റർ ചെയ്ത നിരവധി ചാരിറ്റി സംഘടനകൾ ഇതിനകം തന്നെ റമദാൻ കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. ഇഫ്താർ ഭക്ഷണം സ്‌പോൺസർ ചെയ്യാനും കുട്ടികൾക്കുള്ള ഈദ് വസ്ത്രങ്ങൾക്കായി സംഭാവന നൽകാനും താമസക്കാർക്ക് ഇപ്പോൾ സാധിക്കും. നിലവിൽ റമദാൻ കാമ്പെയ്‌നുകൾ നടത്തുന്ന രജിസ്റ്റർ ചെയ്ത യുഎഇ ചാരിറ്റികളും നിങ്ങൾക്ക് എങ്ങനെ അവയ്ക്ക് സംഭാവന നൽകാമെന്നതും പരിശോധിക്കാം.

ദുബായ് ചാരിറ്റി അസോസിയേഷൻ

ദുബായ.് ചാരിറ്റി അസോസിയേഷന്റെ റമദാൻ കാമ്പയിൻ വഴി യുഎഇയിലും അന്തർദേശീയമായും ഇഫ്താർ ഭക്ഷണം നൽകുന്നു. ഭക്ഷണ കൊട്ടകൾ, അവശ്യസാധനങ്ങൾ, ഈദ് വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്യൽ പോലുള്ള നിരവധി മാനുഷിക പദ്ധതികൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.

യുഎഇയിൽ 1 ദശലക്ഷം ഇഫ്താർ ഭക്ഷണങ്ങളും വിദേശത്ത് 100,000 ഭക്ഷണങ്ങളും വിതരണം ചെയ്യുക എന്നതാണ് ചാരിറ്റിയുടെ ലക്ഷ്യം. രാജ്യത്തെ പള്ളികളിലും റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലും ഇഫ്താറുകൾ സംഘടിപ്പിക്കാൻ സംഭാവനകൾ ഉപയോഗിക്കും. 10 ദിർഹം മുതൽ ആരംഭിക്കുന്ന സംഭാവനകൾ 500 ദിർഹം അല്ലെങ്കിൽ അതിൽ കൂടുതൽ വരെയാകാം.

എങ്ങനെ ഇഫ്താർ ഭക്ഷണം ദാനം ചെയ്യാം

ഓൺലൈൻ വഴി

www.dubaichartiy.org സന്ദർശിച്ച് ഹോംപേജിലെ റമദാൻ പ്രചാരണ ബാനറിൽ ക്ലിക്കുചെയ്യുക.
നിങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്ഷണത്തിന്റെ എണ്ണം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, നാല് ഭക്ഷണത്തിന് 60 ദിർഹം ചിലവാകും.
‘കാർട്ടിലേക്ക് ചേർക്കുക’ ക്ലിക്ക് ചെയ്ത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യാം.

SMS വഴി

ദുബൈ ചാരിറ്റിയുടെ മുകളിൽ കൊടുത്ത അതേ വെബ്‌സൈറ്റിൽ, SMS സംഭാവന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുക നിങ്ങളുടെ മൊബൈൽ ബാലൻസിൽ നിന്ന് കുറയ്ക്കും.
50 ദിർഹം അല്ലെങ്കിൽ 100 ദിർഹം പോലുള്ള ഒരു തുക തിരഞ്ഞെടുക്കുക.
നിങ്ങളുടെ സംഭാവന സ്ഥിരീകരിക്കുന്നതിന് ‘റമദാൻ’ എന്ന വാചകം SMS ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും.

ബാങ്ക് ട്രാൻസ്ഫർ വഴി

താഴെ പറയുന്ന അക്കൗണ്ടുകളിലേക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയും നിങ്ങൾക്ക് സംഭാവന നൽകാം.

അബൂദബി ഇസ്ലാമിക് ബാങ്ക് (എഡിഐബി):

അക്കൗണ്ട് നമ്പർ: 10022955
ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ: AE070500000000010022955

ദുബൈ ഇസ്ലാമിക് ബാങ്ക് (DIB):

അക്കൗണ്ട് നമ്പർ: 001520551595501

ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ: AE270240001520551595501

റമദാൻ കാമ്പെയ്‌നിന്റെ ഭാഗമായി, നിങ്ങൾക്ക് എസ്എംഎസ്, ഓൺലൈൻ അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി ഭക്ഷണ കൊട്ടകളും ഈദ് വസ്ത്രങ്ങളും സംഭാവന ചെയ്യാം.

യുഎഇയിലും പുറത്തും ആവശ്യക്കാരായ കുടുംബങ്ങൾക്ക് മാനുഷിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ‘റമദാൻ തുടർച്ചയായ ദാനം’ എന്ന പ്രമേയത്തിലാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് വാർഷിക റമദാൻ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഭക്ഷ്യ ദുരിതാശ്വാസം, സാമ്പത്തിക സഹായം, ഇഫ്താർ വിരുന്ന്, ഈദ് വസ്ത്രങ്ങൾ, റമദാൻ ഭക്ഷണ വിതരണങ്ങൾ എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

സംഭാവന ഓപ്ഷനുകൾ

ഈദ് വസ്ത്രങ്ങൾക്കുള്ള സംഭാവനകൾ 50 ദിർഹം മുതലാണ് ആരംഭിക്കുന്നത്.
ഇഫ്താർ ഭക്ഷണത്തിനുള്ള സംഭാവനകൾ 15 ദിർഹം അല്ലെങ്കിൽ 20 ദിർഹം മുതലാണ് ആരംഭിക്കുന്നത്.

റമദാൻ ഭക്ഷണ കൊട്ടക്ക് 100 ദിർഹം മുതൽ 500 ദിർഹം വരെയാണ് സംഭാവനയായി സ്വീകരിക്കുന്നത്.

ഗസ്സയിലെ കുടുംബങ്ങൾക്ക് ഇഫ്താർ ഭക്ഷണത്തിനുള്ള സംഭാവനകൾ 20 ദിർഹം മുതലാണ് ആരംഭിക്കുന്നത്.

ഇഫ്താർ ഭക്ഷണം എങ്ങനെ ദാനം ചെയ്യാൻ www.emiratserc.ae സന്ദർശിക്കുക.

ഇഫ്താർ വിരുന്നിനുള്ള സംഭാവന ഓപ്ഷനുകൾ, ഗസ്സയിലെ കുടുംബങ്ങൾക്കുള്ള ഇഫ്താർ വിരുന്ന്, അല്ലെങ്കിൽ യുഎഇയിൽ ഒരു ഇഫ്താർ ടെന്റ് സ്‌പോൺസർ ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ എന്നിവ താഴേക്ക് സ്‌ക്രോൾ ചെയ്താൽ കാണാവുന്നതാണ്.

ചെറുതോ വലുതോ ആയ ഇഫ്താർ ഭക്ഷണം സ്‌പോൺസർ ചെയ്യുന്നതിൽ ഒന്ന് തിരഞ്ഞെടുക്കാൻ ‘ഡൊണേറ്റ് നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.

സംഭാവന തുക നൽകി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് പൂർത്തിയാക്കുന്നതോടെ നിങ്ങളും ഈ മഹത്തായ കർമത്തിന്റെ ഭാഗമാകും.

റമദാൻ പ്രമാണിച്ച് 70% വരെ കിഴിവ്

പുണ്യ റമദാൻ മാസത്തിന് 30 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, യുഎഇയിലെ ചില്ലറ വ്യാപാരികൾ തമാസക്കാരുടെ ഒഴുക്ക് പ്രതീക്ഷിച്ചിരിക്കുകയാണ്. പലയിടത്തും 70 ശതമാനം വരെ കിഴിവുകളാണ് ഉപഭോക്താക്കൾക്കായി ഓഫർ ചെയ്തിരിക്കുന്നത്. റമദാൻ മാസത്തിൽ വിൽപ്പന സാധാരണയായി വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഡിസ്‌കൗണ്ടുകൾ പ്രയോജനപ്പെടുത്തുന്നതിനായി നിരവധി താമസക്കാർ വലിയ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ എത്തുമെന്നു തന്നെയാണ് കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്. റമദാൻ മാസത്തിൽ വലിയ ഒത്തുചേരലുകൾ നടക്കുന്നതിനാൽ പലരും ഈ കാലയളവിൽ കൂടുതൽ ചെലവഴിക്കാനുള്ള പ്രവണതയുണ്ട്. യുഎഇയിലെ പ്രമുഖ റീട്ടെയിലർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഹോം ഫർണിഷിംഗ് സ്ഥാപനങ്ങൾ, ഇലക്ട്രോണിക്‌സ് റീട്ടെയിലർമാർ, ഓട്ടോമൊബൈൽ വിതരണക്കാർ എന്നിവർ ഇതിനകം തന്നെ വൻ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

റമദാൻ കാലത്തെ ഭക്ഷണശാലകൾ

റമദാൻ കാലത്ത് ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക ഭക്ഷണശാലകൾ തുറക്കുന്നത് പതിവ് രീതിയാണ് സ്വദേശികളും പ്രവാസികളുമടക്കം ഇത്തരത്തിൽ ചെറുകടകൾ ആരംഭിക്കുന്നത് പതിവ് കാഴചയാണ്‌. ഇപ്പോഴിതാ ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് യുഎഇ അധികൃതർ. റമദാൻ കാലത്ത് പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും പ്രിത്യേകം അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി ഇപ്പോൾ തന്നെ അപേക്ഷിക്കാനുള്ള അവസരവുമുണ്ട് . രണ്ട് തരത്തിലെ പെർമിറ്റുകളാണ് ഭക്ഷണശാലകൾക്ക് നൽകുന്നത്. ഈ പെർമിറ്റുകൾ നൽകുന്നത് ആരംഭിച്ചതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്. ഇഫ്‌താറിന് മുൻപ് വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും അനുമതി ലഭിക്കേണ്ടതുണ്ട്. ഉപവാസ സമയത്തും ആഹാരം പാകം ചെയ്യാനും വിൽക്കാനും മുനിസിപ്പാലിറ്റി അനുമതി നൽകും. എന്നാൽ ഇതിന് ചില നിർദേശങ്ങൾ പാലിക്കേണ്ടതായുണ്ട്. ഷോപ്പിംഗ് മാളുകളിലുള്ള ഭക്ഷണശാലകൾക്കും ഈ പെർമിറ്റ് ബാധകമാണ്.

റമദാൻ മാസം ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ഗൾഫ് രാജ്യങ്ങളിൽ ഇതിനോടകം തന്നെ തയ്യാറെടുപ്പുകളെല്ലാം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours