അബുദാബി: അറബ് മേഖലയിൽ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി യു.എ.ഇ. അറബ് സാമ്പത്തിക നിധി (AMF) പുറത്തിറക്കിയ അറബ് സാമ്പത്തിക ക്ഷമതാ പട്ടികയിലാണ് യു.എ.ഇ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. സാമ്പത്തിക നില, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നീ മേഖലകളിൽ യു.എ.ഇ മറ്റ് അറബ് രാജ്യങ്ങളെ പിന്തള്ളി.
അടിസ്ഥാന സൗകര്യം, ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷൻ, ഏറ്റവും കൂടുതൽ വൈദ്യുതി കണക്‌ഷൻ എന്നീ രംഗങ്ങളിലും യു.എ.ഇ തന്നെയാണ് മുന്നിൽ. കപ്പൽ വഴിയുള്ള ചരക്കു നീക്കം, വ്യോമഗതാഗത മേഖല എന്നീ രംഗങ്ങളിൽ രാജ്യാന്തരതലത്തിൽ രണ്ടാം സ്ഥാനവും യു.എ.ഇക്കാണ്. മികച്ച ഭരണം, അഴിമതിരഹിത സർക്കാർ സംവിധാനം, ഭരണനിർവഹണശേഷി എന്നിവയിലും അറബ് രാജ്യങ്ങളിൽ മുന്നിലാണ് യു.എ.ഇ.
ഉൽപാദനശേഷി വർധിപ്പിക്കുന്നതിലും ഉൽപന്നങ്ങളിലും നിലവാരത്തിലും അറബ് രാജ്യങ്ങൾ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നതായി എഎംഎഫ് റിപ്പോർട്ട് പറയുന്നു. വിവിധ രാജ്യങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സാമ്പത്തിക സുസ്ഥിരത, സുസ്ഥിര വളർച്ച, ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങൾക്കാണ് രാജ്യങ്ങൾ പരിഗണന നൽകുന്നത്.
വിദ്യാഭ്യാസ മേഖലയിലും തൊഴിൽ നൈപുണ്യ വികസനത്തിലും രാജ്യങ്ങൾ വൻ തുക നിക്ഷേപിക്കുന്നു. സേവന മേഖലയിലും ഉൽപാദന മേഖലയിലും സ്വന്തം പൗരന്മാർക്കു വൈദഗ്ധ്യം നൽകാനുള്ള പദ്ധതികൾക്കാണ് ഈ രാജ്യങ്ങൾ പരിഗണന നൽകുന്നത്.
+ There are no comments
Add yours