യുഎഇയിലുടനീളമുള്ള ഫ്രീലാൻസർമാർ സ്വയം തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കുന്ന യുഎഇ നിലപാടിനെ സ്വാഗതം ചെയ്യുകയാണ്… അപേക്ഷാ പ്രക്രിയയിൽ കൂടുതൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ തേടുമ്പോഴും, മേഖലയെ കൂടുതൽ വിശ്വസനീയമാക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പ്പായി അധിക സൂക്ഷ്മപരിശോധനയെ അവർ വീക്ഷിച്ചു.
ഫ്രീലാൻസ് വിസ അനുവദിക്കുന്ന കാര്യത്തിൽ പരിശോധനകളും ഓഡിറ്റിംഗും കർശനമാക്കാൻ അധികൃതർ തീരുമാനിച്ചതയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. എല്ലാവരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും തൊഴിൽ വിപണി നിയന്ത്രിക്കാനും വേണ്ടിയാണ് ഈ നടപടി. ഈക്കാര്യം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി അറിയിക്കുകയും ചെയ്തു.
ഫ്രീലാൻസ് വിസകൾ താൽക്കാലികമായി നിർത്തിവെച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ അൽ മാരി നിഷേധിക്കുകയും ചെയ്തു. കൂടാതെ ഫ്രീലാൻസ് വിസകൾ സാധാരണപോലെ ഔദ്യോഗിക വഴികളിലൂടെ നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രീലാൻസ് വിസകൾ ചിലർ ദുരുപയോഗം ചെയ്യുന്നതായും, നിയമവിരുദ്ധമായി വിസകൾ വിൽക്കാൻ ശ്രമിക്കുന്നതായും നിലവിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ തൊഴിൽ വിപണിയുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ സംവിധാനത്തിന്റെ നിയമപരമായ നിലനിൽപ്പ് നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അൽ മാരി വ്യക്തമാക്കി. അതേസമയം സ്വയം തൊഴിലിനെയും കഴിവുകളുള്ളവരെയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ പ്രധാന സർക്കാർ പദ്ധതികളിൽ ഒന്നാണ് ഫ്രീലാൻസ് വിസ.

+ There are no comments
Add yours