യുഎഇയിലെ ആദ്യ ഹൈന്ദവ ശിലാക്ഷേത്രം; ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

1 min read
Spread the love

അബുദാബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാർത്ഥനയിൽ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം നടക്കുന്ന സായാഹ്ന സമർപ്പണ ചടങ്ങിലാണ് മോദി പങ്കെടുക്കുക.അബുദാബിയിലെ അബു മുറൈഖ പ്രദേശത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. ബാപ്‌സ് ഹിന്ദു മന്ദിർ എന്നറിയപ്പെടുന്ന ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (BAPS) ക്ഷേത്രത്തിന് 2018 ഫെബ്രുവരിയിലാണ് ശിലയിട്ടത്.

2019 മുതൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്.

നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ(Sheikh Mohammed bin Zayed Al Nahyan) ആണ് പ്രഖ്യാപനം നടത്തിയത്.ഫെബ്രുവരി 14ന് ആരാധനാ കർമങ്ങൾക്ക് ശേഷം സമർപ്പണ ചടങ്ങ് നടക്കുമെങ്കിലും 18 നാണ് പൊതുജനങ്ങൾക്കായി തുറക്കുക. അന്താരാഷ്ട്ര ഡിസൈൻ മത്സരത്തിൽ വിജയിച്ച പ്രമുഖ ആർക്കിടെക്ചറൽ സ്ഥാപനമായ ആർഎസ്പി ആണ് പ്രോജക്റ്റ് രൂപകൽപന ചെയ്തത്.

ക്ഷേത്ര സമുച്ചയത്തിൽ സന്ദർശക കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, പ്രദർശനങ്ങൾ, പഠന-കായിക മേഖലകൾ, വിശാലമായ പാർക്കിങ്, പൂന്തോട്ടങ്ങൾ, ഒരു ഫുഡ് കോർട്ട്, പുസ്തകശാല, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയുണ്ട്.

ഇന്ത്യയിലെ രാജസ്ഥാനിലും ഗുജറാത്തിലുമായി കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകളാണ് ക്ഷേത്ര നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. തറ നിർമാണത്തിന് ശേഷം ഈ കല്ലുകൾ പ്രത്യേകം അടയാളപ്പെടുത്തി ഓൺ-സൈറ്റ് അസംബ്ലിക്കായി യുഎഇയിലേക്ക് എത്തിക്കുകയായിരുന്നു.ആയിരത്തിലേറെ വർഷക്കാലം കേടുപാടുകളില്ലാതെ നിലനിൽക്കുന്ന പിങ്ക് മണൽക്കല്ല് ഉപയോഗിച്ചാണ് നിർമാണം.

വെള്ള മാർബിളുകളും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും പ്രവേശനം അനുവദിക്കും. 8,000 നും 10,000 നും ഇടയിൽ ആളുകളെ ഉൾക്കൊള്ളാൻ ക്ഷേത്രത്തിൽ സൗകര്യമുണ്ട്.ഇന്ത്യയിലെ ഗംഗ, യമുന നദികളുടെ പ്രതീകമായ രണ്ട് ജലധാരകളാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.

യുഎഇ സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ(Sheikh Nahyan bin Mubarak Al Nahyan) അടുത്തിടെ ക്ഷേത്രം സന്ദർശിച്ച് നിർമാണ പിുരോഗതി വിലയിരുത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ തെളിവാണിതെന്നും ശിലാക്ഷേത്രം ലോകാത്ഭുതങ്ങളിൽ ഒന്നാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

You May Also Like

More From Author

+ There are no comments

Add yours