ആരേയും സ്വീകരിക്കും,ആർക്കും വളരാൻ വളകൂറുള്ള മണ്ണ്: അറേബ്യൻ ഐക്യനാടിന് ഇന്ന് 52ാം പിറന്നാൾ

1 min read
Spread the love

കഴിഞ്ഞ 52 വർഷമായി അറേബ്യൻ ഐക്യനാട് സ്വയം വളരുന്നു.ഒരൊറ്റ കുതിപ്പിൽ.ആ മണ്ണിൽ ചവിട്ടി നിൽക്കുന്നവരെ ദേശ-ഭാഷാ അതിർ വരമ്പുകളില്ലാതെ വളരാൻ അനുവദിക്കുന്നു. ഒരു വടവൃക്ഷം കണക്കെ. ആ മണ്ണിന്റെ 52ാം ദേശീയദിനമാണിന്ന്. അറബിനാടുകൾ മലയാളികളെ സംബന്ധിച്ച് എന്നും ഒരത്ഭുതമാണ്. അലാവുദ്ദിന്റെയും അത്ഭുതവിളക്കിന്റെയുമൊക്കെ അറബികഥയിലെ ആശ്ചര്യം തോന്നുന്ന അറബിനാട്…!

ഇന്ന് ദേശീയദിനമാഘോഷിക്കുന്ന ആ നാടിനും പറയാനുണ്ട് വീര​ഗാഥകളാൽ രചിക്കപ്പെട്ട ചില ചരിത്രങ്ങൾ. സുൽത്താൻമാരും രാജാക്കൻമാരും ഇപ്പോഴും വാഴുന്ന അറബി ലോകം ഐക്യനാടായി മാറിയ ചരിത്രം. അങ്ങ് ബഹിരാകാശം വരെ തൊട്ട് നിൽക്കുന്ന പാരമ്പര്യത്തിലൂന്നിയ പുരോ​ഗമന ചരിത്രം.

സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2ന് യുഎഇ എന്ന ഒറ്റ രാജ്യമായി. 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നതോടെ യുഎഇയ്ക്ക് സപ്ത എമിറേറ്റിന്റെ തിളക്കവും ശക്തിയും കൈവന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിൽ ദുബായിലെ അൽദിയാഫ പാലസിൽ ആയിരുന്നു ആ ചരിത്ര പ്രഖ്യാപനം.

ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽ സ്റ്റേറ്റ്സുകൾ ഇതോടെ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയർന്നു. യുഎഇയുടെ പ്രഥമ പ്രസിഡന്റിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഉയർന്നുവന്ന ഒരേ ഒരു പേര് ഷെയ്ഖ് സായിദിന്റേത് മാത്രം. രാഷ്ട്ര നിർമാണത്തിൽ അതുല്യ സംഭാവന നൽകിയ ഷെയ്ഖ് റാഷിദ് ആദ്യ പ്രധാനമന്ത്രിയുമായി.

സ്വന്തമായി കറൻസി പോലും ഇല്ലാതിരുന്ന 7 എമിറേറ്റുകളും ഒന്നായപ്പോൾ രൂപപ്പെട്ടത് കെട്ടുറപ്പുള്ള രാജ്യവും വികസന കാഴ്ചപ്പാടുകളും ശക്തമായ സാമ്പത്തിക അടിത്തറയുമാണ്. പരന്നുകിടക്കുന്ന മരുഭൂമിയും കടലും മാത്രമായുള്ള യുഎഇ കുറഞ്ഞ നാളുകൾകൊണ്ട് വളർച്ച നേടിയതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചദാർഢ്യത്തിന്റെയും കഥകളുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാമതാണ് യുഎഇ.

2019 സെപ്റ്റംബറിൽ ഹസ്സ അൽ മൻസൂരിയെയും 2023ൽ സുൽത്താൻ അൽ നെയാദിയെയും ബഹിരാകാശ നിലയത്തിൽ എത്തിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ. ഇപ്പോഴിതാ മറ്റ് ലോകരാജ്യങ്ങളുമായി ബഹിരാകാശ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുന്നു. ബഹിരാകാശത്തേക്ക് വിമാനയാത്ര പോലെ സുഖമായ ഒരു യാത്ര നടത്താമെന്ന് ലോകത്തോട് വാ​ഗ്‍ദ്ധാനം ചെയ്യുന്നു.

യുവതലമുറയെ മാടി വിളിക്കുന്ന പാം ഐലന്റ്, ബറാക ആണവോർജ പദ്ധതി, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബുർജ് ഖലീഫ, ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ദുബായ് മെട്രോ, മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങി നേട്ടങ്ങളുടെ പട്ടികയ്ക്ക് നീളമേറെ. ലോകോത്തര വിദ്യാഭ്യാസം യുഎഇയിൽ സാധ്യമാക്കുന്നതിനായി രാജ്യാന്തര യൂണിവേഴ്സിറ്റികളെ യുഎഇയിലെത്തിച്ചു. ലോകത്തെ പ്രശസ്ത സർവകലാശാലകളുടെ പട്ടികയിൽ ഖലീഫ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ, യുഎഇ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി തുടങ്ങിയവ ഇടംപിടിച്ചു.

1958ൽ പരീക്ഷണാർഥം എണ്ണ ഖനനം ചെയ്തതോടെ ആരംഭിച്ച വികസന കുതിപ്പ് കൂടുതൽ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി ഇന്നും തുടരുകയാണ്. എണ്ണയിൽ നിന്നുള്ള വരുമാനംകൊണ്ട് സമസ്ത മേഖലകളിലും മാതൃകാപരമായ വികസനമാണ് കാഴ്ചവച്ചത്. സ്വന്തം രാജ്യത്ത് നിന്ന് ലഭിക്കുന്ന വിഭവം ആ രാജ്യത്തിന് വേണ്ടി എങ്ങനെ ഉപയോ​ഗിക്കണമെന്ന് ലോകത്തിന് കാണിച്ചു തന്ന ഒരു നാട്. ഓരോ വർഷവും ഓരോ മനുഷ്യനും എത്തപ്പെടാൻ സ്വപ്നമാകുന്ന ഒരു നാട്. ലോകത്തിന്റെ സമസ്ത മേഖലകളിലും വ്യക്തമായ സ്വാധിനമുള്ള ഒരു നാട്. ആ നാട് പൂർണ്ണതയിലെത്തിയിട്ട് ഇന്ന് 52 ആണ്ടുകൾ പൂർത്തിയാകുന്നു!

You May Also Like

More From Author

+ There are no comments

Add yours