കുവൈറ്റ് തീപിടിത്തം; 23 മലയാളികളുടെ മൃതദേഹം കൊച്ചിയിൽ ഏറ്റുവാങ്ങി – മുഖ്യമന്ത്രിയും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു

0 min read
Spread the love

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഏറ്റുവാങ്ങി. വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.

31 മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി.

തമിഴ്നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി.

കേരള സർക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

വൈകാരിക രംഗങ്ങൾക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.

അപകടത്തിൽ പരിക്കേറ്റവരിൽ ഏഴുപേർ ഗുരുതരാവസ്ഥയിലാണെന്ന് നോർക്ക സിഇഒ അജിത്ത് കൊളശ്ശേരി പറഞ്ഞു.മരിച്ച രണ്ട് പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധന നടത്തിയശേഷമായിരിക്കും ഇവർ ആരാണെന്ന് സ്ഥിരീകരിക്കുക.

പരിക്കേറ്റവരുടെ തുടർ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകും. കുവൈറ്റ് സർക്കാരിൻറെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. നിലവിൽ 57 പേരാണ് ആശിപത്രികളിൽ തുടരുന്നത്, ഇതിൽ 12 പേർ ഡിസ്ചാർജായിട്ടുണ്ട്. ഇതിൽ 5 പേർ മലയാളികളാണ്.

ഏകദേശം 25 ൽ അധികം മലയാളികൾ ആശുപത്രിയിലാണ്. ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ ആരോഗ്യനിലയാണ് അപകടകരമായി തുടരുന്നത്. ഇവർക്കായുള്ള അടിയന്തര സഹായങ്ങൾ നോർക്ക ഉറപ്പ് വരുത്തുമെന്നും സിഇഒ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours