ദുബായ്: 2026-ഓടെ എമിറേറ്റിൽ എയർ ടാക്സി സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒപ്പുവച്ചു.
കരാർ പ്രകാരം, 2026-ഓടെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ വഴി സ്ഥിരമായ എയർ ടാക്‌സി സേവനങ്ങൾക്കായി ‘വെർട്ടിപോർട്ടുകളുടെ’ പൂർണ്ണമായും വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായിരിക്കും ദുബായ്.

ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ), ബ്രിട്ടീഷ് സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചർ, യുഎസ് ജോബി ഏവിയേഷൻ എന്നിവരുമായാണു കരാർ ഒപ്പിട്ടത്.

നാല് വെർട്ടിപോർട്ടുകൾ
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ദുബായ് ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന നാല് വെർട്ടിപോർട്ട് സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നതാണ് എയർ ടാക്സി സർവീസിൻ്റെ ഉദ്ഘാടന ഘട്ടം. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്ര 45 മിനിറ്റിൽ നിന്നും വെറും 10 മിനിറ്റ് ഫ്ലൈറ്റ് ആയിരിക്കുമെന്നതാണ് ശ്രദ്ധേയം.
+ There are no comments
Add yours