ഷാർജ: ഷാർജയിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. നഗരവും തീരപ്രദേശങ്ങളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിന്യസിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി പരിസ്ഥിതി സ്ഥാപനമായ ബീച്ചുമായി (BEEAH) ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(SRTA)യാണ് അറിയിച്ചത്.
നൂറുകണക്കിന് ഇലകിട്രിക് ചാർജിംഗ് മെഷീനുകൾ എമിറേറ്റിലുടനീളം ഹൈവേകളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഒന്നിലധികം ജില്ലകളിലും പ്രധാന വാണിജ്യ, നഗര പ്രദേശങ്ങളിലും സ്ഥാപിക്കും. ചാർജിംഗ് പോയിന്റുകൾക്കിടയിൽ കുറഞ്ഞ ദൂരത്തിൽ ചാർജിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത് ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ആശ്വാസമാകും.
വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും ഫാസ്റ്റ് ചാർജറുകളുടെ ആവശ്യകതയിലും പദ്ധതിയുടെ പ്രാധാന്യവും മനസ്സിലാക്കി കൊണ്ടാണ് ഈ പുതിയ നീക്കം. പരിസ്ഥിതി സൗഹൃദ ബദലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ഷാർജ ഉപയോക്താക്കളുടെ നിലവിലെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് SRTA ചെയർമാൻ യൂസിഫ് ഖാമിസ് മുഹമ്മദ് അലാത്മനെ (Yousif Khamis Mohamed Alathmane) പറഞ്ഞു.
ഇലക്ട്രിക് ബസുകളുടെയും ടാക്‌സികളുടെയും സർവ്വീസ് മുതൽ പൊതു സേവനങ്ങളിലെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ വരെ വ്യാപിക്കുന്ന കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതിയെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
2050-ഓടെ. യുഎഇയെ ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള വിപണിയാക്കി മാറ്റാനും, റോഡുകളിലെ മൊത്തം വാഹനങ്ങളുടെ 50 ശതമാനമായി ഇവികളുടെ വിഹിതം വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ദേശീയ ഇലക്ട്രിക് വാഹന നയത്തിന് അനുസൃതമായി ഷാർജയുടെ ഇവി ചാർജറുകളുടെ ശൃംഖല വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
+ There are no comments
Add yours