യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ ഗൾഫ് സന്ദർശന വേളയിൽ സിറിയയ്ക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ച സമയത്തെ സൗദി കിരീടാവകാശിയുടെ നന്ദി സൂചകമായുള്ള പ്രതികരണം വൈറലായിരുന്നു.
ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹമ്മദ് ബിൻ സൽമാൻ നെഞ്ചിൽ കൈകൾ വച്ചിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മുഹമ്മദ് ബിൻ സൽമാന്റെ വൈറൽ ആംഗ്യം ഉടൻ തന്നെ ഒരു ഇമോജിയായി മാറിയേക്കാമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സൗദി കിരീടാവകാശിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നെഞ്ചിൽ കൈവച്ചിരിക്കുന്ന ഒരു പുതിയ ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം സൗദി സോഫ്റ്റ്വെയർ എഞ്ചിനീയർ അലി അൽമുതൈരി യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചു.
‘ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആത്മാർത്ഥമായ ഒരു നിമിഷമായിരുന്നു അത്, ഈ കാലഘട്ടത്തിന്റെ ഭാഷയിൽ ഇമോജിയിൽ അത് അനശ്വരമാക്കപ്പെടാൻ അർഹമാണെന്ന് എനിക്ക് തോന്നി. ഈ ആംഗ്യം വൈറലായി, ഇപ്പോൾ പല മാനുഷിക സാഹചര്യങ്ങളിലും ആഴത്തിലുള്ള നന്ദി പ്രകടിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.’ അൽമുതൈരി പറഞ്ഞു.
സൗദിയുടെയും ഗൾഫിന്റെയും മൂല്യങ്ങളായ കൃതജ്ഞതയും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതും മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പദപ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്നതും ആയ ഇമോജിയുടെ രൂപകൽപ്പന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായാണ് യൂണികോഡ് കൺസോർഷ്യത്തിന് ഔദ്യോഗികമായി സമർപ്പിച്ചതെന്ന് അൽമുതൈരി പറഞ്ഞു.
‘ജാപ്പനീസ് കിമോണോ, ഇന്ത്യൻ സാരി, റഷ്യൻ മാട്രിയോഷ്ക പാവ തുടങ്ങിയ ഇമോജികളിൽ ഇതിനകം തന്നെ നിരവധി സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. സഊദി, ഗൾഫ് സംസ്കാരങ്ങളെ ഈ ആഗോള ഭാഷയിൽ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ അദ്ദേഹം പറഞ്ഞു.
അൽമുരൈരി മുന്നോട്ടുവച്ച നിർദ്ദേശം നിലവിൽ യൂണികോഡിന്റെ പരിഗണനയിലാണ്. ഇമോജിയെക്കുറിച്ചുള്ള അൽമുതൈരിയുടെ ട്വീറ്റുകളിലൊന്ന് 24 മണിക്കൂറിനുള്ളിൽ 3.2 ദശലക്ഷത്തിലധികം ആളുകളാണ് വായിച്ചത്.
അൽമുതൈരിയെ സംബന്ധിച്ചിടത്തോളം, ഈ ഇമോജിയുടെ സൃഷ്ടി ആഗോള ഉപയോഗത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നതുകൂടിയാണ്.
+ There are no comments
Add yours