ദുബായ്: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർ മരിച്ചു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡ് ആയതുകൊണ്ടുതന്നെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചത്.
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരികെയുള്ള യാത്രയിലായതിനാൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. മുഫ്രിഹത്ത് എന്ന സ്ഥലത്തുവെച്ചാണ് ദാരുണമായ അപകടം നടന്നത്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്നുള്ള ആഘാതം വലുതായിരുന്നു. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള തീർത്ഥാടകരാണ് മരണപ്പെട്ടതെന്നാണ് സൂചന. ഏകദേശം 20 സ്ത്രീകളും 11 കുട്ടികളും ബസിലുണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. ഈ ദുരന്തം ഇന്ത്യൻ തീർത്ഥാടക സമൂഹത്തിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
അപകടവിവരമറിഞ്ഞയുടൻ സൗദിയിലെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന ബസ്സിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രാദേശിക വൃത്തങ്ങൾ 42 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, അധികൃതർ ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ നിലയെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കുന്നതിനും ഊർജ്ജിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

+ There are no comments
Add yours