റിയാദ്: 2027ലെ ഏഷ്യൻ കപ്പ്, 2029ലെ ഏഷ്യൻ വിന്റർ ഗെയിംസ്, 2034ലെ ഏഷ്യൻ ഗെയിംസ്, 2034 ലെ ലോകകപ്പ് ഫുട്‌ബോൾ എന്നിവയുടെ ആതിഥേയത്വം നേടിയെടുത്ത സൗദി അറേബ്യ 2030ലെ വേൾഡ് എക്‌സ്‌പോ വേദിയും ഉറപ്പിച്ചു.
130 രാജ്യങ്ങളുടെ പിന്തുണയോടെ ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് വേൾഡ് എക്സ്പോ 2030 വേദിക്കായുള്ള മൽസരത്തിൽ സൗദി വിജയിച്ചത്.2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയാണ് റിയാദിൽ വേൾഡ് എക്‌സ്‌പോ നടക്കുക.
പാരീസിൽ നടന്ന ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ്(Bureau International des Expositions) 173ാമത് ജനറൽ അസംബ്ലി യോഗത്തിൽ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെയാണ് സൗദിയെ വേൾഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുത്തത്. ഇറ്റലിയിലെ റോം, ദക്ഷിണ കൊറിയയിലെ ബുസാൻ നഗരങ്ങളായിരുന്നു മൽസര രംഗത്തുണ്ടായിരുന്നത്.
182 അംഗരാജ്യങ്ങൾക്കാണ് വോട്ടവകാശം.സൗദിക്ക് അനുകൂലമായി വോട്ടു ചെയ്ത രാജ്യങ്ങൾക്കും വേദിക്കായി മത്സരിച്ച രാജ്യങ്ങൾക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ(Prince Mohammed bin Salman) നന്ദി പറഞ്ഞു.
+ There are no comments
Add yours