റിയാദ്: 94 –ാം ദേശീയദിനമാഘോഷിച്ച് സൗദി അറേബ്യ. വിപുലവും വർണശബളവുമായ ആഘോഷങ്ങളാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നടക്കുന്നത്.
റിയാദ്, ജിദ്ദ, ജുബൈൽ എന്നിവിടങ്ങളിലും നിരവധി നാവിക താവളങ്ങളിലും റോയൽ സൗദി നേവി നിരവധി ആഘോഷപരിപാടികൾ ഒരുക്കും. റിയാദിലെ ദറഇയ ഗേറ്റിൽ സൈക്കിൾ യാത്രക്കാരുടെ മാർച്ച് സംഘടിപ്പിക്കും.
രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിൻറെ വാർഷികദിനമാണ് സെപ്റ്റംബർ 23ന് ആഘോഷിക്കുന്നത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും നേതൃത്വം നൽകുന്ന ഈ രാജ്യം പുരോഗതിയും സമൃദ്ധിയും ആഗോള തലത്തിൽ വളർത്തുന്നതിനും രാഷ്ട്രത്തെ ഒരു വഴിവിളക്കായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുകയാണ്.
അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് രാജാവ് രൂപപ്പെടുത്തിയ പാരമ്പര്യത്തിൻറെ തുടർച്ചയാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന പുരോഗതി.
‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുകയും ചെയ്യുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണയും അഘോഷം. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന പ്രവാസികളും രാജ്യത്തിൻറെ ആഘോഷത്തിൽ പങ്കുചേരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
+ There are no comments
Add yours