അബുദാബി: രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വീര്യം കൂട്ടാൻ ക്വീൻ എലിസബത്ത് 2 (QE) ദുബായ് തീരത്ത് എത്തി. ഒഴുകുന്ന ആഡംബര കപ്പലിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ച് വർണവിളക്കുകൾക്കൊണ്ട് അലങ്കരിച്ച് ഓളപ്പരപ്പിലും ഉത്സവ സീസണിന്റെ വരവ് അറിയിക്കുകയാണ്.
കുടുംബ സമേതം വേറിട്ട ക്രിസ്മസ് ആഘോഷത്തിനാണ് ക്വീൻ എലിസബത്ത് വേദിയൊരുക്കിയിരിക്കുന്നത്. പരമ്പരാഗത നാടോടി നൃത്തത്തിന്റെയും കരോളിന്റെയും അകമ്പടിയോടെ ഒഴുകുന്ന ഹോട്ടലിനെ യുഎഇ വരവേറ്റു.
യു.കെയിൽ നിന്നാണ് ക്രിസ്തുമസ് സന്ദേശവുമായി ക്വീൻ എലിസബത്ത്-2 എന്ന ആഢംബര കപ്പൽ ദുബായ് തീരത്തെത്തിയത്. സമ്മാനങ്ങളുമായി കപ്പലിൽ എത്തുന്ന സന്ദർശകരെ സാന്താക്ലോസ് സ്വീകരിക്കും.
ഓളപ്പരപ്പിലെ ക്രിസ്മസ് ട്രീ അതിഥികളെ ഉത്സവാവേശത്തിലേക്ക് കൊണ്ടുവരുന്ന അതുല്യ അനുഭവമാണെന്നു ക്യുഇ–2 ജനറൽ മാനേജർ ഫെർഗൽ പർസെൽ പറഞ്ഞു. പുതുവർഷാഘോഷം വരെ ദുബായ് റാഷിദ് പോർട്ടിൽ തുടരുന്ന കപ്പലിൽ ക്രിസ്മസ് ദിവസം പരമ്പരാഗത ഉച്ചഭക്ഷണം വിളമ്പും.
വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 6:30 വരെ ക്വീൻസ് ഗ്രിൽ ആസ്വദിക്കാം. മൾഡ് വൈൻ, മിന്റ് ഹോട്ട് ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങൾ, ചായ എന്നിവയെല്ലാം വ്യത്യസ്ത പാക്കേജിൽ ഇവിടെ ലഭിക്കും. ക്രിസ്മസ് ദിനത്തിൽ 12.30 മുതൽ 4 വരെ ലിഡൊ റസ്റ്ററന്റിലെ പ്രത്യേക ഉച്ചഭക്ഷണം വിളമ്പും.
പ്രാദേശിക രുചികളുടെയും പരമ്പരാഗത ക്രിസ്മസ് ക്ലാസിക്കുകളുടെയും സമന്വയം അവിസ്മരണീയ അനുഭവം സമ്മാനിക്കും. ഓരോ കുടുംബങ്ങളെ അഭിവാദ്യം ചെയ്യാൻ സാന്താക്ലോസും എത്തും. ഉച്ചകഴിഞ്ഞ് തത്സമയ വിനോദപരിപാടികളുമുണ്ട്.
+ There are no comments
Add yours