ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആറുപേർക്ക് ഔദ്യോഗിക ബഹുമതികളോടെ ഖത്തർ അന്തിമോപചാരം അർപ്പിച്ചു. ദോഹയിലെ ഇമാം അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേതൃത്വം നൽകി.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ അഞ്ച് പ്രവർത്തകരും ഒരു ഖത്തർ സൈനികനുമാണ് കൊല്ലപ്പെട്ടത്. ഇവരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ പലസ്തീൻ പതാകയിൽ പൊതിഞ്ഞാണ് ചടങ്ങുകൾക്കായി കൊണ്ടുവന്നത്. ഖത്തർ സൈനികനായ കോർപൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ ദോസാരിയുടെ ഭൗതികശരീരം ഖത്തർ പതാകയിൽ പൊതിഞ്ഞിരുന്നു. നൂറുകണക്കിന് പേർ പങ്കെടുത്ത പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം മൃതദേഹങ്ങൾ മെസൈമീർ ഖബറിസ്ഥാനിൽ അടക്കം ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിലേക്കുള്ള വഴികളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാൽ, ഹമാസ് നേതൃത്വം രക്ഷപ്പെട്ടെന്നും അഞ്ച് പേർ കൊല്ലപ്പെട്ടെന്നും സംഘം അറിയിച്ചു. ഹമാസ് നേതാവായ ഖലീൽ അൽ ഹയ്യായുടെ മകൻ ഹുമം, അദ്ദേഹത്തിന്റെ ഓഫിസ് ഡയറക്ടർ ജിഹാദ് ലബദ്, അംഗരക്ഷകരായ അഹമ്മദ് മംലൂക്ക്, അബ്ദുല്ല അബ്ദുൽവാഹിദ്, മുമെൻ ഹസ്സൂൻ എന്നിവരാണ് കൊല്ലപ്പെട്ട ഹമാസ് പ്രവർത്തകർ.
ഇസ്രയേൽ ആക്രമണത്തിൽ ഖത്തർ സൈനികൻ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസാരിയും കൊല്ലപ്പെട്ടതായി ദോഹ സ്ഥിരീകരിച്ചു. ഹമാസ് പ്രതിനിധികളുമായും ഇസ്രയേലുമായും ചർച്ചകൾക്ക് വേദിയൊരുക്കുന്ന ദോഹയ്ക്ക് ഈ ആക്രമണം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഈ ആക്രമണത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ശേഷം മധ്യസ്ഥപരമായ റോളിൽ നിന്ന് ഖത്തർ പിന്മാറുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നും കൂട്ടായ ഒരു അറബ്-ഇസ്‌ലാമിക് ഉച്ചകോടി ദോഹയിൽ വിളിച്ചു ചേർത്ത് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments
Add yours