ദോഹ: മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ഖത്തറും സ്വദേശിവൽക്കരത്തിന് അംഗീകാരം നൽകിയിരിക്കുകയാണിപ്പോൾ. സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവൽക്കരണം ഖത്തർ നടപ്പാക്കാൻ ഒരുങ്ങുന്നത്.
സ്വദേശികൾക്ക് ജോലി ഉറപ്പാക്കാൻ ഖത്തർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ കരട് നിയമത്തിന് ഇന്നലെ ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. തുടർ നടപടികൾക്കായി ശൂറാ കൗൺസിലിന് കൈമാറുകയും ചെയ്തു. വിശദമായ പഠനം നടത്തിയ ശേഷം ഏതൊക്കെ മേഖലയിൽ, എത്ര അളവിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ സാധിക്കുമെന്ന് ശൂറ കൗൺസിൽ തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്വദേശികളേക്കാൾ ഇരട്ടിയിലധികം വിദേശികളുള്ള രാജ്യമാണ് ഖത്തർ. 27 ലക്ഷത്തോളമാണ് ഖത്തറിലെ ജനസംഖ്യ. ഇതിൽ 20 ലക്ഷത്തിലധികവും വിദേശികളാണ്. വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഖത്തർ സ്വകാര്യ മേഖലയിലെ ജോലികളിൽ സ്വദേശിവൽക്കരണം നടപ്പാക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെയാകും.
ഏതൊക്കെ മേഖലകളിലാണ് വിദേശികൾ ജോലി ചെയ്യുന്നത്, ഏതൊക്കെ മേഖലകളിൽ സ്വദേശികൾക്ക് ജോലി നൽകാൻ സാധിക്കും, ശമ്പളം, ജോലിയുടെ സ്വഭാവം, അതിന് വേണ്ട യോഗ്യതകൾ തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി പഠിച്ച ശേഷമാകും അന്തിമ തീരുമാനം ഖത്തർ ഭരണകൂടം എടുക്കുക. ഖത്തർ ഭരണകൂടത്തിന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികളിലെ സാഹചര്യവും പഠനവിധേയമാക്കും.
+ There are no comments
Add yours