ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിക്കാനെഴുന്നേറ്റ നെതന്യാഹുവിനെതിരെ കൂക്കുവിളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 100 ലേറെ പ്രതിനിധികളാണ് നെതന്യാഹു പ്രസംഗിക്കാനെഴുന്നേറ്റതോടെ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി പ്രതിഷേധമറിയിച്ചത്. അറബ്, മുസ്‌ലിം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. നെതന്യാഹുവിന്റെ അനുയായികൾ ഉച്ചത്തിൽ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അതേസമയം ഗസ്സയിലെ ആക്രമണങ്ങളെ യുഎന്നിൽ നെതന്യാഹു ന്യായീകരിച്ചു. ഹമാസിന്റെ ഭീഷണി അവസാനിക്കും വരെ യുദ്ധം തുടരും, ഇറാൻ ഭീഷണിയാണെന്നും വരും വർഷങ്ങളിൽ മിഡിൽ ഈസ്റ്റ് പൂർണമായും പുതിയ രൂപത്തിലാകുമെന്നും നെതന്യാഹു പറഞ്ഞു.
‘ഇസ്രയേൽ ജനത ബന്ദികൾക്കൊപ്പമാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ ഇസ്രയേൽ മറന്നിട്ടില്ല. ഹമാസ് ബന്ദികളെ മോചിപ്പിക്കണം. ആയുധങ്ങൾ താഴെവയ്ക്കണം. അതുവരെ ഇസ്രായേൽ തിരിച്ചടി തുടരും. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണ്. അത് കൂടുതൽ ആക്രമണങ്ങളിലേക്ക് നയിക്കും’- നെതന്യാഹു വ്യക്തമാക്കി.

അതേസമയം നാടകീയമായ എന്നാൽ അതി വൈകാരികമായ ചില രംഗങ്ങൾക്കും യുഎൻ വേദിയായി. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ തന്റെ പ്രസംഗത്തിലുടനീളം ഇസ്രയേലിനെ അതി രൂക്ഷമായി വിമർശിച്ചു. പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ഗുസ്താവോ ആരോപിച്ചു. ഗുസ്താവോയുടെ പ്രസംഗത്തിനുശേഷം ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവ ഗുസ്താവോ പെട്രോയെ ആദരസൂചകമായി നെറുകയിൽ ചുംബിച്ചു. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

+ There are no comments
Add yours