ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി; കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ്

1 min read
Spread the love

കത്തോലിക്കാസഭയുടെ നല്ലിടയൻ ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മാർപാപ്പ കുറച്ച് നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.

കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്ന് കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയുടെയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936 ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്.

പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ.

ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്ഥാനാരോഹണത്തിന് ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നു.

1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി.1969 ഡിസംബർ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാർപാപ്പയുടെ സമീപനവും ഏറെ ചർച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിൻ്റെ ഉത്കണ്ഠ ശ്രദ്ധേയമായിരുന്നു.

വത്തിക്കാൻ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ “തെരുവിലെ പ്രഭുക്കന്മാർ” എന്ന് അദ്ദേഹം വിളിച്ചു. ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാൽകഴുകൽ ചടങ്ങിൽ കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങൾ കഴുകിയും മാ‍ർപാപ്പ ശ്രദ്ധേയനായി.

അക്രൈസ്തവരുടെ കാലുകളും കഴുകി മാ‍ർപാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവർഗ്ഗാനുരാഗികളോടും ലെസ്ബിയൻ കത്തോലിക്കരോടും കൂടുതൽ സ്വാഗതാർഹമായ മനോഭാവം പ്രകടിപ്പിച്ച മാ‍ർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്.

കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയർത്താനുള്ള പോപ്പ് ഫ്രാൻസിസിൻ്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ‘ലാദാത്തോ സെ’ എന്ന ചാക്രികലേഖനത്തിൽ ആ​ഗോളവത്കരണം അടിച്ചേൽപ്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് പോപ്പ് ഫ്രാൻസിസ് വിശദമാക്കിയിരുന്നു.

അമേരിക്കയിലെ തീവ്രവലതുപക്ഷം വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോഴും ഫ്രാൻസിസ് മാ‍ർപാപ്പ കുലുങ്ങിയില്ല. ‘ഞാൻ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവർ ശരിപറഞ്ഞാൽ അത് ശരിയാണ് എന്ന് ഞാൻ പറയും’ എന്നായിരുന്നു ഇതിനോടുള്ള മാ‍ർപാപ്പയുടെ പ്രതികരണം. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും നൽകിയ പിന്തുണയിലൂടെയും ഫ്രാൻസിസ് മാർപാപ്പ ലോകത്തിൻ്റെ ആദരവ് പിടിച്ചുപറ്റി.

You May Also Like

More From Author

+ There are no comments

Add yours