ഏപ്രിൽ 12-ന് രാത്രി 8:22ന് (GMT സമയം) വസന്തകാലത്തെ ആദ്യത്തെ പൂർണ ചന്ദ്രൻ അധവാ പിങ്ക് മൂൺ ആകാശത്ത് തെളിയും. അതേസമയം ഈ ‘പിങ്ക് മൂൺ’ ഒരു സൂപ്പർമൂൺ ആയിരിക്കില്ല, മറിച്ച് ഒരു മൈക്രോമൂൺ ആയിരിക്കും.
ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയാകുന്ന സാഹചര്യത്തിലാണ് മൈക്രോമൂൺ പ്രതിഭാസം കാണാനാകുക. സൂപ്പർമൂണിൽ നിന്ന് വ്യത്യസ്തമായി, ഈ സമയത്ത് ചന്ദ്രൻ ചെറുതും മങ്ങിയതുമായി കാണപ്പെടും. ഏപ്രിൽ 13-ന് ചന്ദ്രൻ അതിന്റെ അപ്പോജിയിൽ (ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനം) എത്തുന്നതിനാൽ, ഏപ്രിൽ 12 ചന്ദ്രന്റെ ചിത്രങ്ങളെടുക്കാൻ ഏറ്റവും മികച്ച സമയമായിരിക്കും. ജ്യോതിശാസ്ത്രപ്രേമികൾക്ക് ഈ അപൂർവ ദൃശ്യം നഗ്നനേത്രങ്ങളാൽ നിരീക്ഷിക്കാനാകും.
പിങ്ക് മൂൺ എന്ന പേര് കേട്ടാൽ ചന്ദ്രൻ പിങ്ക് നിറത്തിൽ കാണപ്പെടുമെന്ന് തെറ്റിദ്ധരിക്കേണ്ട. ഈ പ്രത്യേക പേര് വടക്കേ അമേരിക്കയിൽ വസന്തകാലത്ത് പൂത്തുനിൽക്കുന്ന ഒരു പ്രത്യേക പൂവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ‘ക്രീപ്പിംഗ് ഫ്ലോക്സ്’ (ശാസ്ത്രീയ നാമം: ഫ്ലോക്സ് സുബുലാറ്റ) എന്ന ഈ പിങ്ക് നിറത്തിലുള്ള പൂവിൽ നിന്നാണ് ഏപ്രിൽ മാസത്തിലെ പൂർണ ചന്ദ്രന് ഈ പേര് ലഭിച്ചത്. അമേരിക്കൻ ആദിവാസി സംസ്കാരത്തിൽ പ്രകൃതിയിലെ ഋതുമാറ്റങ്ങളെ സൂചിപ്പിക്കാൻ ചന്ദ്രന് വിവിധ പേരുകൾ നൽകുന്ന പാരമ്പര്യവും ഇതിന് പിന്നിലുണ്ട്. ഈ സമ്പ്രദായത്തിലൂടെയാണ് കാർഷിക ചക്രവും വേട്ടയാടൽ സമയങ്ങളും നിർണ്ണയിച്ചിരുന്നത്.
ഏപ്രിൽ മാസത്തിലെ ഈ പൂർണ ചന്ദ്രന് വിവിധ സംസ്കാരങ്ങൾ വിവിധ പേരുകൾ നൽകിയിട്ടുണ്ട്. ബ്രേക്കിംഗ് ഐസ് മൂൺ, മൂൺ വെൻ ദ ഗീസ് ലേ എഗ്സ്, മൂൺ വെൻ ദ ഡക്ക്സ് കം ബാക്ക്, ഫ്രോഗ് മൂൺ എന്നിവ പിങ്ക് മൂണിന്റെ മറ്റ് ചില പേരുകളാണ്. ഈ പേരുകൾ പ്രകൃതിയിലെ മാറ്റങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. വസന്തകാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന ഈ ചാന്ദ്ര പ്രതിഭാസം വ്യത്യസ്ത സംസ്കാരങ്ങളിൽ വ്യത്യസ്ത അർത്ഥങ്ങളോടെയാണ് ആഘോഷിക്കപ്പെടുന്നത്.
+ There are no comments
Add yours