ലോകത്താദ്യമായി ഡ്രൈവറില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അമേരിക്കൻ കാർ കമ്പനിയായ ടെൻസർ. വരാനിരിക്കുന്ന ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ്-ഡ്രൈവിങ് ട്രാൻസ്പോർട്ടിൽ റോബോകാർ അവതരിപ്പിക്കാനാണ് ടെൻസറിന്റെ നീക്കം. ലോകത്തിലെ ആദ്യത്തെ വ്യക്തിഗത ഉടമസ്ഥതയിലുള്ള ലെവൽ 4 ഓട്ടോണമസ് വാഹനം എന്നാണ് റോബോകാറിനെ കമ്പനി വിശേഷിപ്പിക്കുന്നത്.
ഈ ‘റോബോകാർ’-ന് മിക്ക സാഹചര്യങ്ങളിലും സ്വയം ഡ്രൈവിങ് മോഡിൽ പ്രവർത്തിക്കാൻ കഴിയും. എങ്കിലും ഒരു മനുഷ്യന് വേണമെങ്കിൽ വാഹനം ഓടിക്കാൻ കഴിയും. ലെവൽ 4 എന്ന ഓപ്ഷൻ ഉപയോഗിക്കുകയാണെങ്കിൽ വാഹനം എല്ലാം സ്വയം ചെയ്യും. അതായത് ഒരു മനുഷ്യന്റെ ഒരു സഹായവും ഇവിടെ ഉപയോഗിക്കേണ്ടതില്ല. എന്നാൽ മറ്റൊരു ലെവലിലാണ് വാഹനമെങ്കിൽ ഒരു മനുഷ്യനായ ഡ്രൈവർക്ക് ഡ്രൈവിങ്ങിന്റെ നിയന്ത്രണം ഏറ്റെടുക്കാം.
നൂതന ചിന്താഗതികളും ഭാവി കാഴ്ചപ്പാടും ഉൾക്കൊള്ളുന്ന ദുബായിലേക്ക് ടെൻസറിന്റെ റോബോകാർ എത്തിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്ന് കമ്പനിയുടെ പ്രതിനിധി ഖലീജ് ടൈംസിനോട് പ്രതികരിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സെപ്തംബർ 24-നും 25-നും സംഘടിപ്പിക്കുന്ന ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിൽ റോബോകാർ ആദ്യമായി അവതരിപ്പിക്കും.
എസ്‌യുവി മാതൃകയിലാവും റോബോകാർ നിർമിക്കുക. 124 ഇഞ്ച് വീൽബേസ്, 217.5 ഇഞ്ച് നീളം, 78.3 ഇഞ്ച് ഉയരം, 79.9 ഇഞ്ച് വീതി (സൈഡ് മിററുകൾ ഒഴികെ) എന്നിവയാണ് ഇതിന്റെ അളവുകൾ. 2026-ൻ്റെ രണ്ടാം പകുതിയോടെ കാർ ഉപഭോക്താക്കളിലേക്ക് എത്തിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

+ There are no comments
Add yours