മക്ക: സൗദി അറേബ്യയിലെ മക്ക നഗരത്തിലും മക്ക മസ്ജിദുൽ ഹറാമിനോട് ചേർന്ന പുണ്യസ്ഥലങ്ങളിലും ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെടെ ലഘു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ അനുമതി. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങൾക്കും വേണ്ടിയുള്ള റോയൽ കമ്മീഷൻ ആണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
സുരക്ഷിതമായി ലഘു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് റോയൽ കമ്മീഷൻ കഴിഞ്ഞ ശനിയാഴ്ച ഡിസംബർ 23ന് കാംപയിൻ ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.
കാൽനടയാത്രക്കാർക്കുള്ള പാതകൾ, അനുബന്ധ സ്ഥലങ്ങൾ, പാർക്കിങ് ഏരിയകൾ, അറഫ മലയുടെ ചുറ്റുമുള്ള സ്ഥലങ്ങൾ, ഉമ്മുൽ ഖുറ സർവകലാശാലയുടെ പരിസരം എന്നിവിടങ്ങളിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. കാമ്പെയ്ൻ ആരംഭിക്കുന്നതിന് മുന്നോടിയായി ബോധവത്കരണ പരിപാടിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾക്ക് രൂപംനൽകുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിരവധി തവണ യോഗംചേർന്നിരുന്നു
മക്ക മേയറുടെ കാര്യാലയം, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി, ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റി, കിദാന ഡെവലപ്മെന്റ് കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് റോയൽ കമ്മീഷൻ ഈ സംരംഭം ആരംഭിച്ചത്. ഉമ്മുൽ-ഖുറ സർവകലാശാല കാമ്പസിലുടനീളം നാല് സ്റ്റേഷനുകളും 30 സ്കൂട്ടറുകളും അനുവദിച്ച് ഈ സംരംഭത്തെ പിന്തുണച്ചു. നിക്ഷേപ വിഭാഗമായ വാദി മക്ക ഫോർ ടെക്നോളജി കമ്പനിയിലൂടെ 1,100-ലധികം പേർക്ക് 70 ഇലക്ട്രിക് സ്കൂട്ടറുകളും നൽകി.
+ There are no comments
Add yours