യുഎഇയിൽ ഇനിമുതൽ ഒടിപി വഴിയുള്ള തട്ടിപ്പിനെക്കുറിച്ചോർത്ത് ഭയപ്പെടേണ്ട. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എസ്.എം.എസ് വഴിയുള്ള ഒടിപി സംവിധാനം നിർത്തലാക്കാൻ ഒരുങ്ങുകയാണ് യുഎഇയിലെ ബാങ്കുകൾ.
ഒടിപിക്ക് പകരം മൊബൈൽ ആപ്പ് വഴിയുള്ള വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കാനാണ് ബാങ്കുകളുടെ തീരുമാനം. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് എൻ.ബി.ഡി ബാങ്ക് ഈ മാറ്റം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് അറിയിച്ചു. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഒടിപി ചോദിച്ച് തട്ടിപ്പിനിരയാക്കപ്പെട്ടവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിരുന്നു.
എല്ലാത്തരം പ്രാദേശിക, അന്തർദേശീയ സാമ്പത്തിക ഇടപാടുകൾക്കും ഓൺലൈൻ ഇടപാടുകൾക്കും മാറ്റം ബാധകമാകും. ഒടിപികൾക്ക് പകരം, ബാങ്കുകൾ ഇൻ-ആപ്പ് വെരിഫിക്കേഷൻ ഫീച്ചറുകൾ ഉപയോഗിച്ച് മൊബൈൽ ബാങ്കിംഗ് ആപ്പുകൾ വഴിയുള്ള രീതിയിലേക്ക് മാറും.
“ENBD X ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഓൺലൈൻ ഇടപാടുകൾ പ്രാമാണീകരിക്കുന്നതിന് മികച്ചതും വേഗതയേറിയതും കൂടുതൽ സുരക്ഷിതവുമായ ഒരു മാർഗം അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. SMS OTP-ക്ക് പകരമായി ഞങ്ങൾ ഇത് ഉടൻ നടപ്പിലാക്കും. നിങ്ങളുടെ എമിറേറ്റ്സ് NBD ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ ഒരു ഓൺലൈൻ പേയ്‌മെന്റ് ആരംഭിച്ചുകഴിഞ്ഞാൽ, ENBD X ആപ്പിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതിന് നിങ്ങളുടെ ഫോണിൽ ഒരു പുഷ് അറിയിപ്പ് ലഭിക്കും,” ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

+ There are no comments
Add yours