കുവൈത്ത്: കുവൈത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും പണാപഹരണങ്ങളും വര്‍ധിച്ചുവരികയും ഇരകളാക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതിനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്താന്‍ ജനറല്‍ പ്രോസിക്യൂഷന്‍, ആഭ്യന്തര മന്ത്രാലയം, ബാങ്ക് എന്നിവരുടെ പ്രതിനിധികള്‍ നിരീക്ഷകരായ ആന്റി ഫ്രോഡ് ചേംബര്‍ രൂപവത്കരിക്കാനാണ് പദ്ധതി.ഈ മൂന്നു ഡിപ്പാര്‍ട്ടുമെന്റുകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പ് ആണ് ഫോം ചെയ്യുക.
ഈ ഗ്രൂപ്പ് വഴി ഇരകളില്‍നിന്നു പരാതി സ്വീകരിക്കുകയും തങ്ങളുടെ അപഹരിക്കപ്പെട്ട പണം ഏതു ബാങ്കില്‍നിന്ന് ഏതു ബാങ്കിലേക്കാണ് മാറ്റം ചെയ്യപ്പെട്ടതെന്നു കണ്ടെത്തുകയും ചെയ്യുന്നതാണ് രീതി. തുടര്‍ന്ന് ആ പണം സ്വീകരിക്കുന്ന ബാങ്കിന് അത് മരവിപ്പിക്കാനുള്ള നിര്‍ദേശം നല്‍കും. ഇങ്ങനെയുള്ള പണത്തിന്റെ രണ്ടു ശതമാനം കുവൈത്തിന് പുറത്തേയ്ക്കു പോകുന്നുണ്ടെന്നാണ് കണ്ടെത്താനായത്.കഴിഞ്ഞ 15 മാസത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പുവഴി 50 മില്യണ്‍ ദിനാറാണ് അപഹരിക്കപെട്ടത്.
നിര്‍ദിഷ്ട ആന്റി ഫ്രോഡ് ചേമ്പറിന്റെ സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും തട്ടിപ്പിനിരയാകുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കു പുറമെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധിപേരാണ് അടുത്തിടെയായി കുവൈത്തില്‍ ഓണ്‍ ലൈന്‍ പണാപഹരണത്തിന് ഇരയായത്.
+ There are no comments
Add yours