മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. മുംബൈയിൽ വെള്ളിയാഴ്ച ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ടാറ്റ ബ്രാൻഡിന് കീഴിൽ വരുന്ന വിവിധ ഉൽപന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. കഴിഞ്ഞ ദിവസം രത്തൻ ടാറ്റ അന്തരിച്ചതോടെയാണ് ടാറ്റ ട്രസ്റ്റ് പിൻഗാമിയെ തേടിയത്.
രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ. ഇന്ത്യൻ-ഐറിഷ് വ്യവസായിയായ നോയൽ ടാറ്റ ട്രെന്റ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്.
ടാറ്റ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടറും ടൈറ്റാൻ, ടാറ്റ സ്റ്റീൽ കമ്പനികളുടെ വൈസ് ചെയർമാനുമാണ് നോയൽ ടാറ്റ. 2010-11 സാമ്പത്തിക വർഷത്തിൽ ടാറ്റ ഇന്റർനാഷണൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായും അദ്ദേഹം മാറി. 70 ബില്യൺ ഡോളറിന്റെ ബിസിനസാണ് ആഗോളതലത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ടാറ്റ ഇന്റർനാഷണലിലൂടെയാണ് നോയൽ കരിയർ ആരംഭിച്ചത്.
+ There are no comments
Add yours