സ്‌പോൺസർ വേണ്ട; നാലു മാസത്തെ സന്ദർശന വിസ അനുവദിച്ച് യു.എ.ഇ

1 min read
Spread the love

അബുദാബി: യു.എ.ഇയിൽ സ്‌പോൺസർ ഇല്ലാതെ നാലു മാസത്തെ സന്ദർശന വിസ അനുവദിക്കുന്നു. യു.എ.ഇയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്കാണ് 120 ദിവസം വരെ വിസിറ്റ് വിസ നൽകുന്നത്. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനും ബിസിനസുകാരെ ആകർഷിക്കുന്നതിനും വേണ്ടിയാണിത്. ബിസിനസ്, നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവരെയും സംരംഭകരെയും പ്രോൽസാഹിപ്പിക്കുന്നതിന് യു.എ.ഇയുടെ സ്‌പോൺസറില്ലാ ഡിജിറ്റൽ വിസ സഹായിക്കും.

സാമ്പത്തിക ഭദ്രതയും പ്രഫഷനൽ ബിരുദവും ഉള്ളവർക്കാണ് ഈ വിസയിലേക്ക് അപേക്ഷിക്കാനാവുക. അപേക്ഷകന്റെ ഇഷ്ടാനുസരണം 60, 90, 120 ദിവസ കാലാവധിയുള്ള വിസ തിരഞ്ഞെടുക്കാം. ഓൺലൈൻ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ സന്ദർശനത്തിനുള്ള സിംഗിൾ-എൻട്രി വിസയാണ് ലഭിക്കുക.

കാലദൈർഘ്യത്തിനനുസരിച്ച് വിസ ഫീസിൽ മാറ്റമുണ്ടാവും. 120 ദിവസത്തെ വിസയ്ക്ക് 400 ദിർഹമാണ് ഫീസ്. 60 ദിവസത്തേക്ക് 200 ദിർഹമും 90 ദിവസത്തേക്ക് 300 ദിർഹമുമാണ് നൽകേണ്ടത്. ഏത് തരത്തിലുള്ള വിസയാണെങ്കിലും 1000 ദിർഹം സെക്യൂരിറ്റി ഡെപോസിറ്റ് നൽകണം.

വിദേശരാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഓൺലൈനായി വിസ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. അപേക്ഷകന് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് നിർബന്ധമാണ്. ഇതിന്റെ പകർപ്പും കളർ ഫോട്ടോയും സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്.

ദുബായ് എമിറേറ്റ്‌സ് അനുവദിക്കുന്ന വിസ ലഭിക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിൻ അഫയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് ഫെഡറൽ അതോറ്റി ഫോർ ഐഡന്റിന്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി വെബ്‌സൈറ്റിലും അപേക്ഷ സ്വീകരിക്കും.

More From Author

+ There are no comments

Add yours