അബുദാബി: പുതിയ വർഷത്തെ ആദ്യ മാസത്തേക്കുള്ള റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. 2024 ജനുവരിയിലെ പെട്രോൾ, ഡീസൽ വിലയാണ് യുഎഇയുടെ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചത്. ഇന്ധന വിലയിൽ ഇത്തവണയും നേരിയ കുറവുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളിലും വില കുറഞ്ഞിരുന്നു.
വിവിധയിനം പെട്രോളിന് ശരാശരി 14 ഫിൽസ് ആണ് ഇത്തവണ കുറവുവരുത്തിയത്. പുതിയ നിരക്കുകൾ ജനുവരി 1 മുതൽ ബാധകമാണ്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.82 ദിർഹമാണ് പുതിയ വില. ഡിസംബറിൽ 2.96 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് കഴിഞ്ഞ മാസം 2.85 ദിർഹമായിരുന്നു. 2.71 ദിർഹമാണ് പുതിയ വില.
ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.64 ദിർഹം വിലവരും. ഡിസംബറിലെ 2.77 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ഫിൽസിന്റെ കുറവുണ്ട്. ഡീസൽ ലിറ്ററിന് 3 ദിർഹമാണ് ജനുവരിയിൽ ഈടാക്കുക. കഴിഞ്ഞ മാസത്തെ 3.19 ദിർഹത്തെ അപേക്ഷിച്ച് ലിറ്ററിന് 19 ഫിൽസിന്റെ കുറവുണ്ട്.
2024ൽ എണ്ണ വില ബാരലിന് ശരാശരി 81 ഡോളറായി കുറയുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. ഇസ്രായേൽ-ഹമാസ് യുദ്ധം വലിയ പ്രതിസന്ധി സൃഷ്ടിച്ചാൽ വില പ്രവചനാതീതമാവുമെന്നും ബാരലിന് 157 ഡോളർ വരെ ഉയരാമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
+ There are no comments
Add yours