അബുദാബി: സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകി അബുദാബിയിൽ പുതിയ പരിസ്ഥിതി സൗഹൃദ മസ്ജിദ് തുറന്നു. എസ്റ്റിദാമ മോസ്‌ക് എന്ന പേരിലാണ് പള്ളി ഉദ്ഘാടനം ചെയ്യ്തിരിക്കുന്നത്. മസ്ദാർ പാർക്കിൽ 500 ചതുരശ്ര മീറ്റർ താഴികക്കുട ഘടനയിലാണ് പള്ളി പണിതിരിക്കുന്നത്.
പരമ്പരാഗത മസ്ജിദ് കെട്ടിടങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കുറവ് ഊർജ്ജം ഉപയോഗിച്ചും കൂടുതൽ ജലമുപയോഗിക്കാതെയുമാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. സമീപത്തെ കാർ പാർക്കിംഗ് ഏരിയകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ വഴി പകുതി ഊർജ്ജം സംഭരിച്ചായിരുന്നു പള്ളിയുടെ രൂപകൽപ്പന നടന്നിരിക്കുന്നത്.

“അബുദാബിയിലെ ആദ്യത്തെ LEED പ്ലാറ്റിനം മസ്ജിദായി ഈ അതുല്യമായ ഡിസൈൻ ഒരുക്കാൻ സാധിച്ചു എന്നതിൽ ഞങ്ങൾ സംതൃപ്തരാണെന്ന് എഞ്ചിനീയർ മുഹമ്മദ് അൽ ബ്രെക്കി പറഞ്ഞു.
എസ്റ്റിഡാമ 3-പേൾ റേറ്റിംഗിൽ ഇടംപിടിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ LEED പ്ലാറ്റിനം മസ്ജിദാണ് എസ്തിദാമ മോസ്‌ക്. യുഎസ് ഗ്രീൻ ബിൽഡിംഗ്സ് കൗൺസിൽ നൽകുന്ന ഗ്രീൻ കെട്ടിടങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരമാണ് LEED പ്ലാറ്റിനം. യുഎഇയുടെ ഭൗതിക പരിസ്ഥിതിക്ക് വേണ്ടി രൂപകൽപ്പന ചെയ്തതും ജലസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ യുഎഇയുടെ എസ്റ്റിഡാമ പേൾ റേറ്റിംഗ് സിസ്റ്റം നൽകുന്ന റേറ്റിംഗാണ് എസ്റ്റിഡാമ 3-പേൾ.
ഒരേസമയം 335 പേരെ ഉൾകൊള്ളാനുള്ള സൗകര്യം പള്ളിയ്ക്കുണ്ട്.
+ There are no comments
Add yours