വൻ കലാപത്തിന് വഴിയൊരുക്കിയ സമൂഹമാധ്യമ വിലക്ക് പിൻവലിച്ച് നേപ്പാൾ സർക്കാർ. ജെൻസി പ്രക്ഷോഭം ആളിപ്പടർന്നതോടെയാണ് തീരുമാനം. പ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപത്തിൽ 19 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികംപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അടിയന്തര മന്ത്രിസഭായോഗം ചേർന്ന്, സമൂഹമാധ്യമ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചതായി വാർത്താവിനിമയ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് അറിയിച്ചു. യുവാക്കൾ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. മൂന്നുദിവസം മുൻപാണ് ഫെയ്സ്ബുക്കും എക്സും ഉൾപ്പെടെ 26 സമൂഹമാധ്യമങ്ങൾക്ക് നേപ്പാൾ സർക്കാർ വിലക്കേർപ്പെടുത്തിയത്.
ജെൻ സി വിപ്ലവം എന്ന പേരിൽ ആയിരക്കണക്കിന് യുവാക്കൾ സംഘടിച്ചെത്തിയതോടെ കാഠ്മണ്ഡു നഗരം കലാപഭൂമിയാവുകയായിരുന്നു. പാർലമെൻറ് മന്ദിരത്തിന് സമീപം പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡ് മറികടന്ന് യുവാക്കൾ അകത്തുകയറി. പ്രധാനമന്ത്രിയുടെ ഓഫിസനടുത്തുവരെ എത്തി. ഇതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ വെടിയുതിർക്കുകയായിരുന്നു.
സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. കാഠ്മണ്ഡുവിലും തന്ത്രപ്രധാന മേഖലകളിലും കർഫ്യു പ്രഖ്യാപിച്ചു. നഗരത്തിൻറെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അഴിമതി മറയ്ക്കാനാണ് സമൂഹമാധ്യമ നിരോധനം കൊണ്ടുവന്നതെന്നും അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ വാദിച്ചു.
ഈ മാസം നാലിനാണ് ഫെയ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും എക്സുമടക്കം 26 സമൂഹമാധ്യമങ്ങൾക്ക് കെ.പി.ശർമ ഒലി സർക്കാർ വിലക്കേർപ്പെടുത്തിയത്. രാജ്യത്തിൻറെ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനിടെ നേപ്പാൾ അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം വർധിപ്പിച്ചു. അനധികൃതമായി ആളുകൾ അതിർത്തി കടക്കാതിരിക്കാനാണ് സുരക്ഷ കൂട്ടിയത്.

+ There are no comments
Add yours