ദോഹ: വിമാനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പോസ്റ്റുചെയ്തതിനെ തുടർന്ന് ഖത്തർ എയർവേയ്സ് ഒരു യൂട്യൂബറെ വിലക്കുകയും ജീവനക്കാരെ പുറത്താക്കുകയും ചെയ്തതായി റിപ്പോർട്ട്. ഫ്‌ളൈറ്റുകൾ അവലോകനം ചെയ്യുന്ന ജനപ്രിയ യൂട്യൂബറായ ജോഷ് കാഹിൽ ആണ് ഖത്തർ എയർവേയ്സ് തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്നും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും ആരോപിച്ചത്.
ഇത് സംബന്ധിച്ച് ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ശനിയാഴ്ച അദ്ദേഹം പ്രസിദ്ധീകരിച്ചു. കൊളംബോയിൽ നിന്ന് ദോഹയിലേക്കുള്ള ഒരു ഇക്കണോമി ക്ലാസ് ഫ്‌ളൈറ്റിനെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം വീഡിയോ റിവ്യൂ പ്രസിദ്ധീകരിച്ചിരുന്നു. ‘ഖത്തർ എയർവേസിന്റെ ഞെട്ടിപ്പിക്കുന്ന തകർച്ച’ എന്ന തലക്കെട്ടിൽ നൽകിയ ഈ വീഡിയോ ആണ് വിവാദമായത്.
വീഡിയോ റിവ്യൂ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷം ഖത്തർ എയർവേയ്സ് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്ന് ജോഷ് കാഹിൽ പുതിയ വീഡിയോയിൽ പറഞ്ഞു. ഒരു കോൾ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടാണ് ബന്ധപ്പെട്ടത്. അത് പ്രകാരം വിളിച്ചപ്പോൾ കമ്പനിയുടെ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു.
എന്ത് സംസാരിച്ചാലും ഓഫ് ദി റെക്കോഡ് ആണെന്ന് ഖത്തർ എയർവേയ്സ് പ്രതിനിധികൾ പറഞ്ഞപ്പോൾ അതിന് സമ്മതിച്ചില്ലെന്നും അങ്ങനെ സംസാരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പറഞ്ഞതായി ജോഷ് കാഹിൽ പറഞ്ഞു. നിഷേധാത്മകമായ അവലോകനം പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നും അവർ എന്നോട് ചോദിച്ചു. വീഡിയോ എയർലൈനിന് പ്രതിച്ഛായ മോശമാക്കുന്നതായും അവർ പറഞ്ഞു. വീഡിയോ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ സൗജന്യ വിമാന യാത്ര വാഗ്ദാനം ചെയ്‌തെങ്കിലും താൻ നിരസിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
+ There are no comments
Add yours