യു.എ.ഇ: ഏറ്റവും പുതിയ മോഹൽലാൽ ചിത്രമാണ് ‘മലയ്ക്കോട്ടൈ വാലിബൻ’. യു.എ.ഇയിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിൽ മോഹൽലാൽ നിറ സാന്നിധ്യമായിരുന്നു. ദുബായിലെ സ്റ്റാർ സിനിമാസിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നത്.
കൃത്യസമയത്ത് ദുബായിലെ സ്റ്റാർ സിനിമാസിന്റെ റെഡ് കാർപ്പെറ്റിൽ മോഹൻലാൽ അവതരിച്ചു. ഭാര്യ സുചിത്രയ്ക്കൊപ്പമെത്തിയ മോഹൻലാൽ നേരെ സിനിമ കാണുന്നതിനായി തന്റെ ഇരിപ്പിടത്തിലേക്ക് പോയി.
മോണോക്രോമാറ്റിക് കറുത്ത ഷർട്ടും ജീൻസും ധരിച്ചെത്തിയ മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, യുഎഇയിലെ സിനിമയുടെ വിതരണക്കാരനായ അഹമ്മദ് ഗോൽചിൻ എന്നിവരോടൊപ്പമാണ് താരം സിനിമ ആസ്വദിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലയ്ക്കോട്ടൈ വാലിബൻ’ സാഹസികതയുടെയും മായ കാഴ്ചകളുടെയും കഥ പറയുന്ന സിനിമ കൂടിയാണ്. മണൽക്കാറ്റിന്റെ മൂളൽ നിറഞ്ഞുനിൽക്കുന്നൊരു ദേശം. അകലെയെവിടെനിന്നോ ഒഴുകിയെത്തുന്നൊരു ഓടക്കുഴൽവിളി. അന്നാട്ടിൽ ‘കണ്ണിനു കണ്ണ്, പല്ലിനുപല്ല്’ എന്ന രീതിയിൽ പരസ്പരം പോരാടുന്ന മല്ലൻമാർ. അവരുടെ കാലത്തെ കഥയാണ് വാലിബൻ പറയുന്നത്. പല ദേശങ്ങൾ താണ്ടി, അവിടങ്ങളിലെല്ലാമുള്ള മല്ലൻമാരെ മൂടോടെ പിഴുതെറിഞ്ഞാണ് വാലിബന്റെ വരവ്. കാമത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും വിഷം നിറഞ്ഞ തേളുകൾ ആ മണൽക്കൂനയിൽ ഒളിഞ്ഞിരിപ്പുണ്ട്. സാങ്കൽപ്പിക ഫാന്റസി സിനിമയെന്ന് ഒറ്റ വാക്കിൽ സിനിമയെ വിശേഷിപ്പിക്കാം.
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന മോഹൻലാലും പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ദുബായിൽ നിന്നുള്ള മറാത്തി നടി സൊനാലി കുൽക്കർണിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
+ There are no comments
Add yours