കുവൈറ്റ്: കുവൈറ്റിൽ ലൈസൻസ് പുതുക്കലും വാഹനകൈമാറ്റവുമെല്ലാം ഇനി മൊബൈൽ ആപ്ലിക്കേഷൻ വഴി സാധ്യമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസുകളിൽ ദീർഘനേരം ക്യൂ നിൽക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും.
ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് കുവൈറ്റ് സർക്കാരിന്റെ പുതിയ നീക്കം.ഡ്രൈവിംഗ് ലൈസൻസും, വാഹന രേഖകൾ പുതുക്കലും,ഉടമസ്ഥാവകാശ കൈമാറ്റവും ഇന്ന് മുതൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴി ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം(General Department of Information Systems)സാണ് സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ഏകജാലക ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.
ഇ ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ആപ്പിൽ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും മറ്റ് നിരവധി സേവനങ്ങൾക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
+ There are no comments
Add yours