ബെയ്‌റൂട്ട്: തിങ്കളാഴ്ച ഇസ്രായേൽ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ അറിയിച്ചു, ഇത് ഒരു വർഷത്തോളമായി അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകളിലെ ഏറ്റവും വലിയ ദൈനംദിന എണ്ണമാണെന്നാണ് റിപ്പോർട്ട്.
“തെക്കൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായേലി ശത്രുക്കളുടെ തുടർച്ചയായ റെയ്ഡുകൾ… 100 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, കുട്ടികളും സ്ത്രീകളും അടിയന്തര പ്രവർത്തകരും മരിച്ചവരിലും പരിക്കേറ്റവരിലും ഉൾപ്പെടുന്നു,” ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു,
ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഒക്ടോബർ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയിൽ നടത്തിയിരുന്നു ഏകപക്ഷീയ ആക്രമണങ്ങൾക്ക് ശേഷമാണ് ഇസ്രയേൽ തങ്ങളുടെ വടക്കൻ അതിർത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. സാബത്ത് ആക്രമണം (ഹമാസ് ഇസ്രയേലിൽ നടത്തിയത്) പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്‌ബുള്ളയും രംഗത്തുവന്നിരുന്നു.
അതിന്റെ ഭാഗമായി നടത്തിയ മിസൈൽ ആക്രമണങ്ങൾ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് ജൂത രാഷ്ട്രത്തിന്റെ വടക്കൻ മേഖലകളിൽനിന്ന് കുടിയിറങ്ങിയത്. ഇവരെ തിരികെ സുരക്ഷിരായി വീടുകളിലെത്തിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ നിലവിലെ ലെബനൻ ആക്രമണം.
ലെബനനിലെ തങ്ങളുടെ ആക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഹിസ്‌ബുള്ള നടത്തിയ തിരിച്ചടിയിൽ ഇസ്രയേലിലെ ഹൈഫ മേഖലയിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. നാലോളം പേർക്ക് പരുക്കേൽക്കുകയും നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
+ There are no comments
Add yours