ദുബായിയുടെ ആകാശത്ത് മലയാളിയായ 70കാരിയുടെ സ്കൈ ഡൈവിംഗ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ

1 min read
Spread the love

ദുബായിൽ 13,000 അടി ഉയരത്തിൽനിന്ന് സ്‌കൈഡൈവിങ് നടത്തി വൈറലായി മലയാളിയായ 70കാരി. ഇടുക്കി കൊന്നത്തടി പുതിയപറമ്പിൽ ലീലാജോസ്.സ്വപ്‌നതുല്യമായ ആകാശ അനുഭവം പങ്കുവെച്ചപ്പോൾ ലീലയുടെ വാക്കുകൾക്കും ചിറക് കിളിർത്തു.

’വിമാനത്തിൽനിന്ന് ചാടി പറന്നുപറന്ന് താഴേക്ക്. സ്‌കൈഡൈവിങ്ങിനേക്കുറിച്ച് കേട്ടപ്പോൾ ഞാൻ അതെല്ലാം മനസ്സിൽ കണ്ടിരുന്നു. ദുബായിലുള്ള മകൻ ബാലു (പി.അനീഷ്)വിന്റെ അടുത്തുപോയപ്പോഴാണ് അതിനുള്ള അവസരം കിട്ടിയത്. അവനോട് ആഗ്രഹം പറഞ്ഞപ്പോൾ ഫുൾ സപ്പോർട്ട്. പിന്നെ ഒന്നും നോക്കിയില്ല. ചാടാൻ തീരുമാനിച്ചു.

ദുബായ് സ്‌കൈ ഡൈവ് പാമിലെത്തി. രേഖകൾ ഹാജരാക്കി. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. വീഡിയോയും കാണിച്ചു. 15 പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനത്തിൽ എന്റെ കൂടെ നാല് പിള്ളേരുമുണ്ടായിരുന്നു. വേറേ ഭാഷക്കാരാ. എന്നെ കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. വിമാനത്തിലൊന്ന് ഇരുന്നിട്ടാണ് താഴേക്ക് ചാടിയത്. ആ നിമിഷം തോന്നിയ വികാരം എന്തെന്ന് ഇപ്പോഴും എനിക്ക് പറയാൻ അറിയില്ല.

മേഘങ്ങൾക്ക് ഇടയിലൂടെ പറന്നുപറന്ന്. ഒരുപേടിയും തോന്നിയില്ല. കൂടെ ഇൻസ്ട്രെക്ടറുമുണ്ടായിരുന്നു. വേറെ ഭാഷക്കാരാണെങ്കിലും അറിയാവുന്ന പോലെ അവരോടൊക്കെ സംസാരിച്ചു. കുറെയേറെ ചിരിച്ചു. 6000 അടി പിന്നിട്ടപ്പോഴാണ് കടൽ കണ്ടത്. പിന്നെ കര കണ്ടു. ഒടുവിൽ പാരച്യൂട്ട് വിടർന്നു. ചാടി 25 മിനിറ്റിന് ശേഷമാണ് ലാൻഡ് ചെയ്തത്.

ഇനി കൂടുതൽ ഉയരത്തിൽനിന്ന് ചാടണം. ഗിന്നസ് റെക്കോഡിടണം. ആഗ്രഹങ്ങൾ ഏറെയാണ്”- ലീല പറയുന്നു.
മൂത്തമകൾ ഡോ.അമ്പിളിയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. കൊന്നത്തടി സർവീസ് സഹകരണബാങ്ക് സെക്രട്ടറിയായിരുന്ന പരേതനായ പി.ജെ. ജോസാണ്, ലീലയുടെ ഭർത്താവ്.

You May Also Like

More From Author

+ There are no comments

Add yours