മസ്കറ്റ്: ആകാശത്ത് വിസ്മയ കാഴ്ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. ബുധനാഴ്ച അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആയിരിക്കും ഉൽക്കവർഷ പ്രതിഭാസം ഏറ്റവും കൂടുതൽ ദൃശ്യമാകുക.
ജെമിനിസ് എന്നറിയപ്പെടുന്ന ഉൽക്കവർഷത്തിന്റെ പതനമുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് ഡിസംബർ മാസം സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി(Ibrahim Bin Muhammad Al Mahrooqi) പറഞ്ഞു. ചന്ദ്രപ്രകാശമില്ലെങ്കിൽ എല്ലാ മണിക്കൂറുകളിലും ഉൽക്കകളെ കാണാൻ സാധിക്കും.
2020 ൽ ഒമാനി അസ്‌ട്രോണമിക്കൽ സൊസൈറ്റിയിലെ അംഗങ്ങൾ 1,063 ഉൽക്കകൾ നിരീക്ഷിച്ചിരുന്നു. അന്ന് പുലർച്ചെ ഒന്നിനും 1.59 നും ഇടയിലായി മണിക്കൂറിനുള്ളിൽ 227 ഉൽക്കകൾ എത്തി. ഇത്തവണയും സമാനമായി മണിക്കൂറിൽ 120 ഉൽക്കകൾ എത്തും എന്നാണ് കരുതുന്നത്.
എല്ലാ വർഷവും ഡിസംബർ ഏഴു മുതൽ 17വരെ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഭൗമാന്തരീക്ഷത്തിൽ എത്താറുണ്ട്. പ്രത്യേക നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
+ There are no comments
Add yours