ബെയ്‌റൂട്ടിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റുള്ളയുടെ പിൻഗാമി ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ടാണ് ആക്രമണം.
എന്നാൽ, സഫീദ്ദിനെ വധിച്ചതായി ഇസ്രായേലി പ്രതിരോധ സേനയിൽ നിന്നോ (ഐഡിഎഫ്) ലെബനനിലെ ഹിസ്ബുള്ളയിൽ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് വ്യാഴാഴ്ച അർധരാത്രി ബെയ്‌റൂട്ടിൽ ഇസ്രായേൽ തീവ്രമായ വ്യോമാക്രമണമാണ് നടത്തിയത്. നസ്‌റുള്ളയെ ഇസ്രായേൽ വധിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും ശക്തമായ ബോംബാക്രമണമായിരുന്നു നടന്നത്.
2017-ൽ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഷിം സഫീദ്ദീൻ, ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഗ്രൂപ്പിന്റെ ജിഹാദ് കൗൺസിൽ അംഗവുമാണ്. നസ്റുള്ളയുടെ ബന്ധുവായ സഫീദ്ദീൻ പൊതുവെ ഹിസ്ബുള്ളയിലെ ‘നമ്പർ ടു’ ആയി ആണ് കണക്കാക്കപ്പെട്ടിരുന്നത്. കൂടാതെ ഇറാനിയൻ ഭരണകൂടവുമായി അടുത്ത ബന്ധവുമുള്ള ഹിസ്ബുള്ള നേതാവ് കൂടിയാണ്.
ഹിസ്ബുള്ളയുടെ കൗൺസിലുകളിൽ നിർണായക സ്ഥാനങ്ങളിലേക്ക് നസ്റുള്ള സഫീദ്ദീനെ നിയമിച്ചിരുന്നു. സഫീദ്ദീൻ ഒന്നിലധികം തവണ ഗ്രൂപ്പിന്റെ വക്താവ് ആയി പ്രവർത്തിച്ചിരുന്നു. യുഎസ്എയും സൗദി അറേബ്യയും ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ വ്യോമാക്രമണത്തിൽ, ഗ്രൂപ്പിന്റെ പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ വികസിപ്പിക്കുന്നതിൽ ഉൾപ്പെട്ട മറ്റൊരു മുതിർന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥനായ മുഹമ്മദ് അനിസിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദത്തെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വൻ സ്ഫോടന പരമ്പരകളാണ് ഉണ്ടായത്. നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഓരോ മണിക്കൂറിലും മരണസംഖ്യ വർധിക്കുകയാണ്.
+ There are no comments
Add yours