ബെയ്‌റൂട്ട്: ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കിയ ഇസ്രായേൽ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഇറാനെ നേരിട്ട് ആക്രമിക്കാൻ അമേരിക്കയുടെ സമ്മതത്തിന് കാത്തിരിക്കുന്ന ഇസ്രായേൽ ഹിസ്ബുള്ളക്കെതിരെ കടുത്ത നീക്കങ്ങളാണ് നടക്കുന്നത്. പേജർ ആക്രമണത്തിൽ പകച്ചുപോയ ഹിസ്ബുള്ളക്കെതിരെ അടുത്ത ഘട്ടത്തിൽ ആഞ്ഞടിക്കാനാണ് ഇസ്രായേൽ ഒരുങ്ങുന്നത്. ഇതിന്റെ തുടക്കമെന്നോണം ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് ഇസ്രായേൽ സേന ആക്രമിച്ചു.
കഴിഞ്ഞ ദിവസം തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങൾ ഇസ്രയേൽ സൈന്യം ആക്രമിച്ചിരുന്നു. ഇതോടെ ഹിസ്ബുള്ളയുടെ ആയുധവിതരണവും നിർമാണവുമെല്ലാം തകർക്കുക എന്നതാണ് ഇസ്രായേൽ ലക്ഷ്യം.
ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ സതേൺ കമാൻഡിലെ ഉയർന്ന കമാൻഡർ അൽഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷൻ വിദഗ്ധൻ റദ്ജ അബ്ബാസ് അവ്‌ച്ചെ, ഹിസ്ബുള്ള തന്ത്രപ്രധാനമാായ ആയുധങ്ങൾ വികസിപ്പിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്‌സ് പോസ്റ്റിലൂടെ ഇസ്രയേലി സൈന്യംപങ്കുവെച്ചിട്ടുണ്ട്.
ഇവർ കൊല്ലപ്പെട്ടെങ്കിൽ അത് ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഇന്നലെ രാവിലെ ഇസ്രയേലി എയർഫോഴ്‌സ് ഹിസ്ബുള്ളയുടെ ഇന്റലിജൻസിന്റെ കമാൻഡോ കേന്ദ്രത്തിലും ഭൂഗർഭ ആയുധ നിർമ്മാണകേന്ദ്രത്തിലും ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയെന്നായിരുന്നു ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. തെക്കൻ ബെയ്‌റൂത്തിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയയിലെ ഹാരെത്ത് ഹ്രീക്കിലും ഹദാാത്തിലും ഞായറാഴ്ച രാവിലെ ഇസ്രയേൽ ആക്രമണം നടത്തിയതായി ലെബനീസ് സർക്കാർ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
+ There are no comments
Add yours