റിയാദ്: വിദഗ്ധ ഇന്ത്യൻ തൊഴിലാളികൾ ഏറ്റവുമധികം ജോലി ചെയ്യുന്ന വിദേശരാജ്യം സൗദി അറേബ്യയാണെന്ന് ഇന്ത്യൻ നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 2022 ഏപ്രിലിനും 2023 ഡിസംബറിനും ഇടയിൽ സൗദിയിൽ വൈദഗ്ധ്യമുള്ള 13,944 ഇന്ത്യക്കാർക്ക് ജോലി ലഭിച്ചതായി കേന്ദ്ര മന്ത്രി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് അറിയിച്ചത്.
സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകളിൽ (എസ്ഐഐസി) പരിശീലനം നേടിയ ഏകദേശം 13,944 ഇന്ത്യക്കാർക്ക് സൗദിയിൽ ജോലി ലഭിച്ചു. 2022 ഏപ്രിലിനും 2023 ഡിസംബറിനുമിടയിൽ 25,300 ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി ലഭിച്ചു. സൗദി അറേബ്യ കഴിഞ്ഞാൽ 3,646 തൊഴിൽ വൈദഗ്ധ്യമുള്ള ഇന്ത്യക്കാരുമായി ഖത്തറാണ് രണ്ടാം സ്ഥാനത്ത്. യുഎഇ (2,832), യുകെ (1,248), ജപ്പാൻ (1,196) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകളിൽ വിദേശ തൊഴിലുകൾ നേടാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു. യുഎഇ, കാനഡ, ഓസ്ട്രേലിയ, മറ്റ് ജിസിസി മേഖലകൾ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര തൊഴിലുടമകളുടെ ആവശ്യം നിറവേറ്റുന്ന വിധത്തിൽ ഇന്ത്യൻ യുവാക്കൾക്ക് മികച്ച പരിശീലനം നൽകുന്നു.
+ There are no comments
Add yours