ഷാർജ: ഷാർജയിലെ അൽ മജാസ്-2 പ്രദേശത്തെ അപാർട്മെൻറിലുണ്ടായ തീ പിടിത്തത്തിൽ 46 വയസുള്ള ഇന്ത്യക്കാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അഗ്നിബാധയുണ്ടായത്. തീ പിടിത്ത സമയത്ത് സ്ത്രീ തൻറെ വീട്ടിൽ ഒരു പ്രത്യേക ചടങ്ങ് നടത്തുകയായിരുന്നുവെന്നും അതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
11 നിലകളുള്ള താമസ കെട്ടിടത്തിൻറെ എട്ടാം നിലയിലെ അപാർട്മെൻറിൽ രാത്രി 10.45 ഓടെയായിരുന്നു അഗ്നിബാധ. അടിയന്തര കോൾ ലഭിച്ചതിനെത്തുടർന്ന് സിവിൽ ഡിഫൻസ് ടീമുകളും പൊലിസും നാഷണൽ ആംബുലൻസും അതിവേഗം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാതെ തീ പെട്ടെന്ന് നിയന്ത്രിക്കാൻ കഴിഞ്ഞു. മുഴുവൻ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. അഗ്നിബാധയുണ്ടായ ഈ കെട്ടിടത്തിൻറെ ഓരോ നിലയിലും 12 അപാർട്മെൻറുകളുണ്ട്.
എന്നാൽ, മരിച്ച സ്ത്രീയുടെ ഫ്‌ളാറ്റിൽ മാത്രമേ തീപിടിത്തമുണ്ടായുള്ളൂ. മുൻകരുതലെന്ന നിലയിൽ, സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാകുന്നതു വരെ താമസക്കാർ അവരുടെ അപാർട്മെൻറുകളിൽ പ്രവേശിക്കുന്നത് തടയാനായി അധികൃതർ എട്ടാം നില മുഴുവൻ അടച്ചു. സംഭവത്തിൽ ഒരാൾക്ക് നിസാര പരുക്കേറ്റിട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
+ There are no comments
Add yours