ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഗൾഫ് കറൻസികളുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു. യുഎഇ ദിർഹമിന്റെ മൂല്യം ചരിത്രത്തിൽ ആദ്യമായി ഇന്ന് 24 രൂപ പിന്നിട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിൽ വന്നതാണ് രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞത്. തീരുവ കയറ്റുമതി മേഖലയെ ബാധിക്കുമെന്ന ആശങ്ക രൂപക്ക് തിരിച്ചടിയായി. ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻമാറുന്ന പ്രവണതയും ഡോളറിന് ആവശ്യം വർധിച്ചതും മൂല്യമിടിവിന് ആക്കം കൂട്ടി.
ഡോളറിന് 88 രൂപ 22 പൈസ എന്ന നിലയിലേക്ക് മൂല്യം താഴ്ന്നതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയനിരക്കിലും വലിയ മാറ്റമുണ്ടായി. ഒരു യുഎഇ ദിർഹമിന് ആദ്യമായി 24 രൂപ കടന്ന് 24 രൂപ ഒരുപൈസ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 24 രൂപ 04 പൈസയിലേക്ക് വരെ മൂല്യം പോയിരുന്നു.
സൗദി റിയാൽ 23 രൂപ 51 പൈസയായി. ഖത്തർ റിയാൽ 24 രൂപ 23 പൈസയുമായി. ഏറ്റവും മൂല്യമുള്ള കുവൈത്ത് ദീനാറിന്റെ മൂല്യം 288 രൂപ 64 പൈസയിലെത്തി. ഒമാനി റിയാൽ 229 രൂപ 36 പൈസയിലേക്കും ബഹ്റൈൻ ദീനാർ 233 രൂപ 92 പൈസയിലേക്കും മാറി. പ്രവാസികൾക്ക് കുറഞ്ഞ ഗൾഫ് കറൻസി നൽകിയാൽ മുമ്പത്തേതിനാക്കാൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കാൻ രൂപയുടെ കുറഞ്ഞ മൂല്യം വഴിയൊരുക്കും.
നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് വിനിമയ നിരക്ക് വർധന ആശ്വാസകരമാണ്. പുതിയ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

+ There are no comments
Add yours