കുവൈത്ത്: വർക്ക് വിസയിലോ ലേബർ വിസയിലോ കുവൈറ്റിലേക്ക് വരുന്ന എല്ലാ ഇന്ത്യൻ ഡ്രൈവർമാർക്കും പ്രത്യേക നിർദേശം നൽകി കുവൈറ്റിലെ ഇന്ത്യൻ എംബസി. കുവൈറ്റിൽ ‘റെസ്റ്റോറന്റ് ഡ്രൈവർമാരായി’ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതിനോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ എംബസി നിർദേശം നൽകിയിരിക്കുന്നത്.
ആദ്യം ‘ഡെലിവറി ഡ്രൈവർമാരെ’ മാത്രമായിരുന്നു അഡ്രസ് ചെയ്തിരുന്നതെങ്കിൽ പിന്നീട് ‘ഫുഡ് പ്ലാറ്റ്‌ഫോമുകൾക്കുള്ള റൈഡർമാരേയും’ നിർദേശത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ‘കൺസ്യൂമർ ഓർഡറുകൾ’, ‘കൺസ്യൂമർ ഗുഡ്‌സ്’ അല്ലെങ്കിൽ ‘ഓർഡറുകൾ ഡെലിവറി’ തുടങ്ങിയ പേരുകളുള്ള തൊഴിലാളികൾ സാധാരണയായി ‘ഫുഡ് ഡെലിവറി അഗ്രഗേറ്റർ’ ആണെന്ന് കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ടതാണെന്നാണ് എംബസി വ്യക്തമാക്കുന്നത്.
ഇവർ പലപ്പോഴും ഡെലിവറികൾക്ക് ഇരുചക്രവാഹനങ്ങളും മറ്റും ഉപയോഗിച്ച് വരുന്നു. ഡെലിവറി ഡ്രൈവർമാർക്ക് ഒരു സ്മോൾ-ടു-മീഡിയം എന്റർപ്രൈസസ് (എസ്എംഇ) വിസയാണ് നൽകുന്നത്. റിലീസ്/ട്രാൻസ്ഫർ വ്യവസ്ഥകളൊന്നുമില്ലാതെ മൂന്ന് വർഷത്തേക്ക് ജോലി ചെയ്യാൻ അവരെ ഈ വിസ നിർബന്ധിതമാക്കുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.
മൂന്ന് വർഷത്തിന് ശേഷം മാത്രമായിരിക്കും, തൊഴിലാളികൾക്ക് മറ്റൊരു എസ്എംഇ തൊഴിലുടമയിലേക്ക് മാറാനോ ഇന്ത്യയിലേക്ക് മടങ്ങാനോ അവസരം ലഭിക്കുക. ഡെലിവറി ടാർഗെറ്റുകളും ദൂരവും അടിസ്ഥാനമാക്കിയാവും കമ്പനികൾ ജീവനക്കാർക്ക് കമ്മീഷൻ നൽകുക. അതേസമയം തന്നെ നിശ്ചിത പ്രതിമാസ വരുമാനമില്ലാത്തവർക്ക് തെറ്റായ വാഗ്ദാനങ്ങൾ ചില ഏജന്റുമാരുടെ ഭാഗത്ത് നിന്നും ലഭിച്ചേക്കും.
ജോലി സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലാളികൾ കരാർ വിശദമായി വായിച്ച് മനസ്സിലാക്കിയിരിക്കണം. തൊഴിലുടമകൾ മിനിമം ജോലി സമയം, ഓവർടൈം വേതനം, അവധിക്കാല അവകാശങ്ങൾ, ആരോഗ്യ സുരക്ഷ, വൈകല്യ നഷ്ടപരിഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കുവൈറ്റിലെ തൊഴിലാളികൾക്ക് വർഷത്തിലെ ചില മാസങ്ങളിൽ കൊടും ചൂടും പൊടിക്കാറ്റും പോലുള്ള കഠിനമായ കാലാവസ്ഥ നേരിടേണ്ടി വന്നേക്കാം. ഇത് നേരിട്ടുകൊണ്ട് വേണ്ടി വരും ജോലി പൂർത്തികരിക്കാൻ എന്ന കാര്യം മറക്കാതിരിക്കുക. തൊഴിലാളികൾക്ക് അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി മെഡിക്കൽ/അപകട ഇൻഷുറൻസ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും എംബസി നിർദ്ദേശിക്കുന്നു.
+ There are no comments
Add yours