2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്നും ശ്രീലങ്കയിലോ ദുബായിലോ മത്സരങ്ങൾ നടത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിൻറെ മാതൃകയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടത്.
നേരത്തെ, സുരക്ഷ മുൻനിർത്തി ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഇതാണിപ്പോൾ ബിസിസിഐ തള്ളിയിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിന് വേദിയാവുന്നത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻറിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്.
ലാഹോറിന് പുറമെ കറാച്ചി, റാവൽപിണ്ടി എന്നീവേദികളിലാണ് ഗ്രൂപ്പ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം നവീകരിക്കാനുള്ള പ്രവർത്തനങ്ങളും പാക് ബോർഡ് തുടങ്ങിയിരുന്നു.
+ There are no comments
Add yours