കേരളത്തിന്റെ വികസനത്തിനു പ്രവാസം വലിയ തുണയായി എന്ന് പറഞ്ഞാൽ അതിലൊരിക്കലും അതിശയോക്തി ഉണ്ടാകില്ല. അങ്ങനെ പറയാൻ കാരണം, എത്രയോ വർഷങ്ങൾക്ക് മുമ്പ് പ്രവാസം സാധ്യമായിരുന്നില്ലെങ്കിൽ കേരളം ഇന്നിങ്ങനെ തലയുയർത്തി നിൽക്കില്ലായിരുന്നു. കേരളത്തിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമായിരുന്ന കാലത്തായിരുന്നു ഗൾഫ് കുടിയേറ്റം ധാരാളമായി ഉണ്ടായിരുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നാണ് മലയാളികൾ തൊഴിൽ തേടി അന്യ രാജ്യങ്ങളിൽ ചേക്കേറാൻ തുടങ്ങിയത്. ഗൾഫ് പ്രവാസം സാധ്യമായിരുന്നില്ലെങ്കിൽ കേരളം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലും അരാജകത്വത്തിലും വഴുതി വീണ്, സാധാരണ ജനവിഭാഗം കൊടിയ യാതനകൾ അനുഭവിക്കേണ്ടിവരുമായിരുന്നു.
സ്വന്തം മണ്ണിൽ നിന്ന് മറുനാട്ടിലേക്ക് ജീവിതം പറിച്ചുനട്ടവരും അന്നവും അർഥവും തേടി മറുനാട്ടിൽ എത്തിപ്പെടാൻ വിധിക്കപ്പെട്ടവരും കേരളത്തിന് നൽകിയത് പുതുജൻമം കൂടിയാണ്.
പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. പ്രവാസം, മലയാളിയുടെ തൊഴിൽ, വിദ്യാഭ്യാസം , സംസ്‌കാരം, സാഹിത്യം എല്ലാ മേഖലകളെയും പുതുക്കിപ്പണിയുകയും നഗരവും ഗ്രാമവും തമ്മിലുള്ള അതിർ വരമ്പ് ഇല്ലാതാക്കുകയും വികസനത്തിന് ഒരു മാർഗരേഖ ഉണ്ടാക്കുകയും ചെയ്തു. അതുവഴി കേരളത്തിൽ ഒരു നവ വസന്തം ഉദയം ചെയ്യുകയുമുണ്ടായി. പ്രവാസി മലയാളികളാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. പ്രവാസം ഒരു സാംസ്‌കാരിക ചരിത്രമാണ്. അതേക്കുറിച്ച് ആഴത്തിലുള്ള പഠനം ഇനിയും വരേണ്ടതുണ്ട്.
പ്രവാസിയുടെ കേരളം
മറുകര തേടിയാൽ എല്ലാം ശരിയാകുമെന്ന് മലയാളി ഉറച്ച് വിശ്വസിച്ചിരുന്ന കാലത്താണ് പ്രവാസ ജീവിതത്തിന് കേരളത്തിൽ അടിത്തറ പാകപ്പെടുന്നത്. പക്ഷേ ആദ്യ കാലത്ത് പലരും കുടിയേറി ജോലി ചെയ്യ്ത് സമ്പാദിക്കാനുള്ള ഇടമായി കണ്ടത് സിലോണായിരുന്നു. പിന്നീടാണ് എത്തപ്പെട്ടാൽ പൊന്നുവാരി തിരിച്ചു വരാൻ സാധിക്കുന്ന നഗരത്തെ കുറിച്ച് മലയാളി അറിയുന്നത്…. അതായിരുന്നു ഗൾഫ്!
നൂറ്റാണ്ടുകളുടെ പഴക്കവും വീര്യവുമുണ്ട് മലയാളിയുടെ പ്രവാസത്തിന്. മലയാളിയുടെ ഗൾഫ് പ്രവാസം ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഏകദേശം കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ മലയാളി ഗൾഫിൽ കുടുംബസമേതം താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നത്തെ അവസ്ഥയിൽ കേരളത്തിലെ ഓരോ വീട്ടിലും ഓരോ മലയാളി കുടുംബങ്ങൾക്കിടയിലും ഗൾഫ് പ്രവാസിയുടെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യം ഉണ്ട്. ഭക്ഷണത്തിലും വസ്ത്രത്തിലും താമസസ്ഥലങ്ങളിലും ആഘോഷങ്ങളിലും വരെ ഗൾഫ് പ്രവാസത്തിന്റെ അടയാളങ്ങൾ കേരളത്തിൽ കാണാം
കഴിഞ്ഞ ഒരു ശതാബ്ദത്തിനുള്ളിൽ വൻതോതിലാണ് മലയാളികളുടെ മറുനാടൻ വ്യാപനം ഉണ്ടാകുന്നത്. 1960കളിലാണ് ഗൾഫ് ലോകത്തിന്റെ വലിയ വാതായവങ്ങൾ മലയാളിക്ക് മുന്നിൽ അനന്തസാധ്യതകളോടെ തുറക്കുന്നത്.
മലയാളികൾ എങ്ങനെ ഗൾഫിലെത്തി?!
പേർഷ്യൻ ഗൾഫ് മേഖലകളിലെ ഐക്യ അറബ് എമിറേറ്റസ്, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ. എണ്ണയുൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ രാജ്യങ്ങൾ 1970-കളിൽ ആരംഭിച്ച ബൃഹത്തായ വ്യവസായവൽക്കരണത്തിന് ആവശ്യത്തിനു തദ്ദേശത്തൊഴിലാളികളെ ലഭ്യമല്ലാതെ വന്നുചേർന്നു. അതോടെ അന്യരാജ്യങ്ങളിലെ തൊഴിലാളികളെ അവർക്കു ആശ്രയിക്കേണ്ടതായിത്തീർന്നു. മാത്രമല്ല, സാമ്പത്തിക പുരോഗതി കൈവരിച്ചതോടെ തദ്ദേശീയരുടെ ഇടയിൽ വളർന്നുവന്ന ഉപഭോക്തൃ സംസ്‌കാരവും അന്യരാജ്യത്തൊഴിലാളികളുടെ സേവനം വിളിച്ചുവരുത്തിയിട്ടുണ്ടെന്നു പറയാം. തൽഫലമായി ഇന്ത്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നും ധാരാളം തൊഴിലാളികൾ ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചേരുവാനിടയായി. കൂട്ടത്തിൽ മലയാളികളും എത്തി.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിൽനിന്ന് ചരക്കു കയറ്റി അറേബ്യൻ തീരത്തുള്ള കോർഫഖാൻ, ദുബായ്, ദോഹ സൊഹാർ മസ്‌കറ്റ് തുടങ്ങിയ തുറമുഖ നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള ഉരുകളെയും പത്തേമാരികളെയും മറ്റു ചരക്കുനീക്കു സംവിധാനങ്ങളെയും ആശ്രയിച്ചാണ് മലയാളി ഗൾഫിലെത്തിയത്. വിസ നിർബന്ധമാക്കുകയും രേഖകളില്ലാത്ത തൊഴിലാളികൾക്കെതിരെയുള്ള നിയമങ്ങൾ കർശനമാക്കുകയും ചെയ്ത എഴുപതുകളുടെ പകുതിവരെ വരെ ഇത്തരം യാത്രകൾ നിർബാധം തുടർന്നു.
ചെന്നെത്തിപ്പെട്ട ആദ്യകാലങ്ങളിൽ ഗൾഫിലെ തൊഴിലും ജീവിതവും ദുസ്സഹമായിരുന്നു. എണ്ണക്കമ്പനികൾ ബോംബയിൽ നിന്നും മറ്റും നേരിട്ടും ഏജന്റുമാർ വഴിയും കയറ്റി അയച്ച മധ്യകേരളത്തിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിൽ മാത്രമായിരുന്നു നില വ്യത്യാസമുണ്ടായിരുന്നത്.
കേരളത്തിലെ ആദ്യ ഗൾഫ് മലയാളി
1920ൽ ഗൾഫിലെത്തിയ മമ്മൂത്തൻ അബ്ദുൽ കാദറിനെയാണ് പൊതുവെ ആദ്യമായി ഗൾഫിൽ പോയി ജോലി സമ്പാദിച്ച ഗൾഫ് മലയാളിയായി കണക്കാക്കുന്നത്. 1920 കളുടെ അവസാനത്തിൽ ലോകസഞ്ചാരത്തിനായി വീടുവിട്ടിറങ്ങിയതാണ്. ആദ്യം ബോംബെ വഴി ലാഹോറിലേക്കും അവിടെനിന്ന് പാകിസ്ഥാനിൽ നിന്ന് മക്രാൻ തീരം വഴി അറേബിയയിലേക്കും കടക്കുകയായിരുന്നു. നാടുവിട്ട കാലം മുതൽ അറുപത്തി മൂന്നിൽ പഴയ ട്രൂഷ്യൽ സ്റ്റേറ്റിന്റേയും ഇന്ന് യു.എ.ഇയുടെയും ഭാഗമായ അജ്മാനിൽ വെച്ച് മരിക്കുകയായിരുന്നു. അതേ കാലത്താണ് സി.എം.നായരും ഗൾഫിലേക്ക് കുടിയേറുന്നത്.
ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ അനുഭവിക്കുന്ന വെല്ലുവിളികൾ
1920കളിലെ എണ്ണയുടെ കണ്ടുപിടുത്തത്തിനുശേഷം ഗൾഫിലേക്കു കുടിയേറിയ മലയാളികളെ കുറിച്ചുള്ള ആദ്യ ഔദ്യോഗിക വിവരണം ബഹ്റൈനിൽ നിന്നുള്ള സി.എം. നായരുടെ പരാതി രൂപത്തിലുള്ള കത്താണ്. ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിലാണ് 1948ൽ അയച്ച ഈ പരാതിയുടെ അസ്സൽ സൂക്ഷിച്ചിരിക്കുന്നത്. അന്ന് ഫോറിൻ സെക്രട്ടറിയായിരുന്ന കെ.പി.എസ്. മേനോനെ അഭിസംബോധന ചെയ്താണ് നായർ എഴുതുന്നത്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വിസയോ മതിയായ രേഖകളോ ഇല്ലാതെ കടൽമാർഗം എത്തി ബഹ്റൈനിൽ ജോലിചെയ്യുന്ന തൊഴിലാളികളെ കുറിച്ചാണ് കത്തിലെ സൂചനകൾ
ആദ്യകാല കുടിയേറ്റക്കാരിലേറെയും നിർമ്മാണമേഖല തൊഴിലാളികളായിരുന്നു. കൂടാതെ ഗാർഹിക തൊഴിലാളികളും നഴ്സുമാരുംകൂടി വന്നുകൊണ്ടിരുന്നു. തുടർന്നു സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾ, എൻജിനീയർമാർ, ഡോക്ടർമാർ തുടങ്ങിയവരുടെ ഊഴമായി. ഒടുവിലായി വ്യാപാരികളും ബിസിനസ്സുകാരും രംഗത്തെത്തി.
പല പ്രത്യേകതകളും നിറഞ്ഞതാണ് ഗൾഫിലെ കുടിയേറ്റം. ഒന്നാമതായി സ്ഥിരത്താമസത്തിനുള്ള അവകാശം ലഭ്യമല്ല തന്നെ. കുടിയേറ്റക്കാർ കുറേ നാളത്തെ സേവനത്തിനു ശേഷം കേരളത്തിലേയ്ക്കു തിരികെ വരേണ്ടിയിരിക്കുന്നു. സ്ഥിരത്താമസത്തിനുള്ള അവകാശത്തിന്റെ അഭാവത്തിൽ സ്ത്രീകളെ നാട്ടിൽ നിറുത്തിയിട്ടു പുരുഷന്മാരാണ് പോകുന്നതിലധികവും. രണ്ടാമതായി കുടിയേറ്റക്കാർക്കു രാഷ്ട്രീയ അവകാശം ഇല്ലെന്നു മാത്രമല്ല, സാമൂഹ്യ – സുരക്ഷാ സംരക്ഷണത്തിനും വേണ്ടത്ര അവകാശം ലഭിക്കുന്നില്ല. മൂന്നാമതായി തദ്ദേശവാസികളുമായി സഹകരിച്ചേ ഏതെങ്കിലും ബിസിനസ്സ് നടത്താനും അവകാശമുള്ളു.
പിന്നീട് യൂസഫലിയെ പോലെയുള്ളവർ ലുലു ഗ്രൂപ്പ് തുടങ്ങിയ ശേഷം ഗൾഫ് രാജ്യങ്ങളിൽ എഴുതി തീർത്തത് ചരിത്രമാണ്. ആ നഗരത്തെക്കൂടി സ്വാധീനിച്ചുകൊണ്ട് കേരളത്തിലെ മലയാളികളെ രക്ഷപ്പെടുത്തിയ ലുലു ഗ്രൂപ്പ് വ്യാവസായിക ലോകത്തെ ഭീമന്മാരിൽ ഒരാളായി ഇപ്പോഴും തുടരുന്നു. ഒരുപക്ഷേ വെല്ലുവിളികളെ തരണം ചെയ്ത പ്രവാസി മലയാളി എന്നൊക്കെ പറയുമ്പോൾ ആദ്യം പലരുടെയും മനസ്സിൽ ഓർമ്മ വരുന്ന മുഖവും യൂസഫലിയുടെതായിരിക്കും. യാതനകളും കഷ്ടതകളും അനുഭവിച്ച ഗൾഫിൽ എത്തിയ ആദ്യകാലങ്ങളിൽ നിന്നും മാറി ഇന്നത്തെ സ്യൂട്ടും കോട്ടുംമിട്ട യൂസഫലിയിലേക്ക് എത്താൻ ചില്ലറ ദുരിതങ്ങൾ അല്ല ആ മനുഷ്യൻ അനുഭവിച്ചത്.
ഒരുപക്ഷേ സ്വന്തം വീടും കുടുംബവും ഒക്കെ രക്ഷപ്പെടുത്താൻ മണലാരണ്യങ്ങളിലേക്ക് വിമാനം കയറുന്ന ചില ചെറുപ്പക്കാർക്ക് എങ്കിലും യൂസഫലി എന്ന പേര് ഒരു പ്രചോദനം കൂടിയാണ്.
ഗൾഫിലെ കുടിയേറ്റം പലരീതിയിലും കേരളത്തിനു അനുഗ്രഹീതമായ ഒന്നാണ്. ഒന്നാമതായി തൊഴിലില്ലായ്മ രൂക്ഷതരമായ കേരളത്തിലെ തൊഴിൽമേഖലയ്ക്കു ആശ്വാസം നൽകുന്നതിൽ ഒരു നല്ല പങ്കുവഹിച്ചുവരുന്നു. രണ്ടാമതായി കുടിയേറ്റക്കാർ തങ്ങളുടെ വരുമാനത്തിൽ ഒരു ഭാഗം കേരളത്തിലേയ്ക്കയച്ചുകൊണ്ടാണിരിക്കുന്നത്. ഇതുമൂലം ഒരു വൻസംഖ്യയാണ് ആണ്ടുതോറും കേരളത്തിനു ലഭ്യമാകുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 75000 കോടി രൂപയാണ് കേരളത്തിൽ വന്നുചേരുന്നത്. അതു കേരളത്തിന്റെ മൊത്ത വരുമാനത്തിന്റെ 25 ശതമാനത്തിൽ കവിയും.
നമ്മുടെ സംസ്ഥാനത്ത് ഗൾഫ് മലയാളികൾ വരുത്തിയ മാറ്റങ്ങൾ
ഗൾഫ് പണപ്രവാഹം ആരംഭിക്കുന്ന സമയത്ത് കേരളത്തിലെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാതലത്തിലും വളരെ താഴെയായിരുന്നു. എന്നാൽ, ഇന്നിപ്പോൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹരിയാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിശീർഷ വരുമാനത്തിലും ഉയർന്നതാണ് കേരളത്തിലേത്. വരുമാന വർദ്ധനവോടെ ദാരിദ്ര്യത്തെ തുടച്ചു മാറ്റുന്നതിനും സമ്പദ്‌സമൃദ്ധി കൈവരിക്കുന്നതിനും കേരളത്തിനു സാദ്ധ്യമായിട്ടുണ്ട്. മാത്രമല്ല, നല്ലയിനം കെട്ടിടങ്ങൾ, വിലകൂടിയ വിമാനങ്ങൾ, നൂതനമായ ഗൃഹോപകരണങ്ങൾ എന്നിവ ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്നതും കേരളത്തിലാണ്.
+ There are no comments
Add yours