ട്രംപിന്റെ ഗാസ പദ്ധതി പ്രകാരം എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കും; വ്യക്തമാക്കി ഹമാസ്

1 min read
Spread the love

ജെറുസലേം: ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂർണ്ണമായി കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ച‍ച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും മുടിക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും ഉൾപ്പെടെ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഒക്ടോബർ 2023-ലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള മാസങ്ങളായുള്ള ശ്രമങ്ങളിൽ ഇത് നിർണ്ണായകമായ വഴിത്തിരിവാകും.

ഗാസയുടെ ഭരണം ‘സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ’ പലസ്തീൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. അടിയന്തര വെടിനിർത്തൽ, ബന്ദി-തടവുകാരുടെ പൂർണ്ണമായ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്‍റെ സമാധാന പദ്ധതിയിലെ നിർദേശങ്ങൾ.

You May Also Like

More From Author

+ There are no comments

Add yours