ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിർത്തി കടന്നുള്ള യാത്ര ലളിതമാക്കാൻ വൺ-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് ജി.സി.സി അംഗീകാരം. അടുത്ത മാസം (ഡിസംബർ) മുതൽ യു.എ.ഇയും ബഹ്റൈനും തമ്മിൽ ആദ്യ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് കുവൈത്തിൽ നടന്ന 42-ാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിച്ച ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. ഈ സംവിധാനം വിജയകരമായാൽ എല്ലാ ജി.സി.സി അംഗരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
പുതിയ സംവിധാനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വദേശി യാത്രക്കാർക്ക് ഒരു ചെക്ക് പോയിന്റിൽ വെച്ച് ഇമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് ഒന്നിലധികം പരിശോധനകൾ ഒഴിവാക്കുകയും എത്തിച്ചേരൽ പ്രോസസ്സിംഗ് സമയം കുറക്കുകയും ചെയ്യും. അംഗരാജ്യങ്ങൾക്കിടയിൽ യാത്രയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ട്രാക്ക് ചെയ്യാനും പങ്കിടാനുമായി ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം പുതിയ സംവിധാനത്തെ പിന്തുണക്കും.
പ്രാദേശിക യാത്ര വേഗത്തിലും കാര്യക്ഷമമായും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് വൺ-സ്റ്റോപ്പ് സംവിധാനം നടപ്പാക്കുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. വൺ-സ്റ്റോപ്പ് സംവിധാനത്തിൽ ജി.സി.സി അംഗരാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ പൗരന്മാർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരൊറ്റ ചെക്ക്പോസ്റ്റിൽ പാസ്പോർട്ട് നടപടിക്രമങ്ങളും സുരക്ഷാ സ്ക്രീനിംഗും പൂർത്തിയാക്കിയാൽ മതിയാകും. ആ ക്ലിയറൻസുകൾ എത്തിച്ചേരുമ്പോൾ അംഗീകരിക്കപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് പരിശോധനകളുടെ ആവശ്യകത ഇല്ലാതാക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയും ചെയ്യും.
യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള ഷെൻഗൻ ശൈലിയിലുള്ള ഏകോപനത്തെ പുതിയ വൺ-സ്റ്റോപ്പ് സംവിധാനം പ്രതിഫലിപ്പിക്കുന്നു. ഇത് ആഴത്തിലുള്ള പ്രാദേശിക സംയോജനത്തിനുള്ള ഗൾഫ് സഹകരണ കൗൺസിലിൻ്റെ പ്രേരണയെ പ്രതിഫലിപ്പിക്കുന്നു. സഞ്ചാരം മെച്ചപ്പെടുത്താനും യാത്രാ അടിസ്ഥാന സൗകര്യങ്ങൾ സംയോജിപ്പിക്കാനുമുള്ള വിശാലമായ പ്രാദേശിക ശ്രമങ്ങളുടെ ഭാഗമാണ് വൺ-സ്റ്റോപ്പ് സംവിധാനം.
ഗൾഫ് രാജ്യങ്ങൾ ഏകീകൃത ടൂറിസ്റ്റ്-വിസ പദ്ധതിയായ ജി.സി.സി ഗ്രാൻഡ് ടൂർസ് വിസക്ക് രൂപംനൽകുന്നുണ്ട്. ഇത് സന്ദർശകരെ ഒറ്റ പെർമിറ്റിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ അനുവദിക്കും. ഈ വർഷം നാലാം പാദത്തിൽ ഏകീകൃത ഗൾഫ് വിസയുടെ പൈലറ്റ് ഘട്ടം നടപ്പാക്കാനായി ജി.സി.സി പ്രവർത്തിക്കുന്നു. ഇത് വിദേശികൾക്കും സന്ദർശകർക്കും ജി.സി.സി രാജ്യങ്ങൾക്കിടയിൽ എളുപ്പത്തിൽ അതിർത്തി കടന്നുള്ള യാത്ര അനുവദിക്കും.

+ There are no comments
Add yours