ജിസിസി റെയിൽ; 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്

0 min read
Spread the love

അബുദാബി/റിയാദ്/കുവൈത്ത് സിറ്റി ∙ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി വ്യക്തമാക്കി.

പദ്ധതി നടപടികൾ ഉടൻ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികൾ ടെൻഡർ സമർപ്പിച്ചതിൽ സാങ്കേതിക മികവും കുറഞ്ഞ തുകയും രേഖപ്പെടുത്തുന്ന കമ്പനിയെ തിരഞ്ഞെടുത്ത് ഏൽപിക്കും. ഈ കമ്പനിക്ക് വിശദ പഠനത്തിന് 12 മാസവും നടത്തിപ്പിന് 30 മാസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽനിന്ന് ആരംഭിച്ച് ഒമാൻ, ബഹ്റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ കടന്ന് ഒമാനിലെ മസ്‌കത്തിൽ സമാപിക്കുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കുന്നത്. 2,117 കിലോമീറ്ററാണ് ജിസിസി റെയിൽ ദൈർഘ്യം.

പരമാവധി വേഗം മണിക്കൂറിൽ 200 കി.മീ. പാസഞ്ചർ, ചരക്ക് റെയിലുകൾ സർവീസ് നടത്തും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്രയും ചരക്കു ഗതാഗതവും സുഗമമാകും. നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക, ഗൾഫ് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടും. ജിസിസി പൗരന്മാർക്കിടയിൽ സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാനും പദ്ധതി ഗുണം ചെയ്യും. ചരക്കുഗതാഗത ചെലവ് കുറയുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ സാധനങ്ങളുടെ വിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽ ഗതാഗതം ശക്തിപ്പെടുന്നതോടെ ട്രക്ക് ഉൾപ്പെടെ റോഡിലെ വാഹനങ്ങളുടെ എണ്ണവും കാർബൺ മലിനീകരണവും ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കാനാകും. ജോലി സാധ്യതയും വർധിക്കും. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശങ്ങളുടെ വികസനവും ശക്തമാകും

You May Also Like

More From Author

+ There are no comments

Add yours