അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കെതിരെ തട്ടിപ്പ്, കൈക്കൂലി കേസുകളിൽ കുറ്റപത്രവുമായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സേഞ്ച് കമ്മീഷൻ. അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് അദാനിയ്‌ക്കെതിരെ ഉയരുന്ന ആരോപണം.
ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ എക്‌സിക്യൂട്ടീവുകൾ, അസുർ പവർ ഗ്ലോബൽ പവർ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറിൽ കബനീസ് എന്നിവർക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി യുഎസ് നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
അദാനി ഗ്രീൻ, അസുർ പവർ തുടങ്ങിയ കമ്പനികൾ ഇന്ത്യാ ഗവൺമെന്റിന്റെ സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ അദാനി ഗ്രീൻ അമേരിക്കയിലെ നിക്ഷേപകരിൽ നിന്ന് 175 മില്യൺ ഡോളറിലധികം (14,78,31,68,750 രൂപ) സമാഹരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിൻ കറപ്ട് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.
2020നും 2024നും ഇടയിൽ അദാനിയും അനുയായികളും സൗരോർജ കരാറുകൾ നേടുന്നതിനായി 250 മില്യൺ ഡോളറിലധികം (21,12,21,75,000 രൂപ) ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇരുപത് വർഷത്തിനുള്ളിൽ 200 കോടി ഡോളർ ലാഭമുണ്ടാക്കാനും ഇവർ ലക്ഷ്യമിട്ടതായി കുറ്റപത്രത്തിൽ ആരോപിച്ചു.
അദാനിയും മറ്റ് ഏഴ് എക്‌സിക്യൂട്ടീവുകളും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത് കരാറുകൾ ഉറപ്പാക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി നിക്ഷേപകരെ കബളിപ്പിക്കാനും ഇവർ ശ്രമിച്ചുവെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
കൂടാതെ ഇതുസംബന്ധിച്ച അന്വേഷണത്തെ തടസപ്പെടുത്താനും സംഘം ശ്രമിച്ചുവെന്ന് എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ജെയിംസ് ഡെന്നിഹി പറഞ്ഞു. കൈക്കൂലിയെപ്പറ്റി സംസാരിക്കുന്നതിനായി അദാനി പല അവസരങ്ങളിലും ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ കണ്ടിരുന്നുവെന്ന് കുറ്റപത്രത്തിൽ ആരോപിക്കപ്പെടുന്നു. ഇതേപ്പറ്റി ചർച്ച ചെയ്യാൻ പ്രതികൾ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്.
+ There are no comments
Add yours