യുഎഇയിൽ ജോലി വാ​ഗ്ദാനം ചെയ്യ്ത് തട്ടിപ്പ്; ഇരയായത് മലയാളികളുൾപ്പെടെ നിരവധി പേർ

0 min read
Spread the love

യുഎഇയിൽ ജോലി വാ​ഗ്ദാനം ചെയ്യ്തുള്ള തട്ടിപ്പ് സംഘങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. ഇത്തരത്തിൽ മികച്ച ജോലി ലഭിക്കുമെന്ന് കരുതി ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടവരിൽ മലയാളികളുൾപ്പെടെ നിരവധിപേരുണ്ടെന്നാണ് സൂചന.

ഓൺലൈൻ പാർട്‌ടൈം ജോലിയിലൂടെ അധിക വരുമാനം കണ്ടെത്താൻ ഇറങ്ങിയവരാണ് കുടുങ്ങിയത്. 4 മലയാളി ചെറുപ്പക്കാരാണ് ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടത്. തട്ടിപ്പാണെന്നറിയാതെ ദിവസേന നൂറുകണക്കിന് പേർ ചതിയിൽ വീഴുന്നതെന്നാണ് സൂചന.

സോഷ്യൽ മീഡിയ വഴിയാണ് ഭൂരിഭാ​ഗം തട്ടിപ്പും നടക്കുന്നതെന്നാണ് സൂചന. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ റീലിനിടെ കണ്ട ഒരു പരസ്യമാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ആകർഷിച്ചത്. 10 ഓൺലൈൻ പാർട് ടൈമേഴ്സിനെ ആവശ്യമുണ്ട്. ദിവസേന ശമ്പളം 260–850 ദിർഹം, പ്രായം 23–58, മുൻപരിചയം ആവശ്യമില്ല. ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം എന്നതായിരുന്നു പരസ്യം.

പരസ്യത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്താൽ വിശദാംശം ലഭിക്കുമെന്നറിഞ്ഞ് യുവാവ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്യ്തു. ഇൻവെസ്റ്റ്മെന്റ് കമ്പനിയാണെന്നും വരുന്ന ഫണ്ട് എടുത്ത് ക്രിപ്റ്റോ കറൻസിയാക്കി അവർ പറയുന്ന അക്കൗണ്ടിലേക്ക് തിരിച്ച് അയച്ചുകൊടുക്കുക മാത്രമാണ് ജോലിയെന്നും ഒരു ശതമാനം കമ്മിഷൻ ലഭിക്കുമെന്നും വിശദീകരിച്ചു.

ഒരാളുടെ അക്കൗണ്ടിൽനിന്ന് വലിയ തുക വിദേശത്തേക്ക് അയയ്ക്കാൻ സാധിക്കില്ലെന്ന യുഎഇ നിയമം മറികടക്കാനാണ് പലരുടെയും അക്കൗണ്ടിൽനിന്ന് അയയ്ക്കുന്നതെന്നും ഇത് നിയമവിധേയമാണെന്നും തട്ടിപ്പുകാർ പറഞ്ഞതിൽ വിശ്വസിച്ച് ജോലി ചെയ്യ്തവരാണ് ഇപ്പോൾ കുടുങ്ങി പോയിരിക്കുന്നത്.

കമ്മിഷൻ കിട്ടുന്ന ജോലിയിൽ മലപ്പുറത്തുകാരൻ ആക‍ൃഷ്ടനായി. ഇടപാടുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയായതിനാൽ സംശയിച്ചില്ല. ആദ്യ ദിവസം അക്കൗണ്ടിലേക്ക് പലരും അയച്ചുകൊടുത്ത തുകയെല്ലാം ചേർത്ത് 15,000 ദിർഹം ക്രിപ്റ്റോ കറൻസിയാക്കി അവർ നിർദേശിച്ച അക്കൗണ്ടിലേക്ക് അയച്ചപ്പോൾ കമ്മിഷനായി 150 ദിർഹം ലഭിച്ചു. അടുത്ത ദിവസവും ഇതു തുടർന്നു. ശമ്പളമായി അധികം അധ്വാനമില്ലാതെ നല്ലൊരു തുക ലഭിച്ചതോടെ യുവാവിന്റെ മറ്ര് മൂന്ന് കൂട്ടുക്കാരും ഇതിൽ പങ്കാളികളായി.

കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് എല്ലാവരും. 3 ദിവസത്തിനകം 4 പേരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ 2 ലക്ഷം ദിർഹം ക്രിപ്റ്റൊ കറൻസിയാക്കി അയച്ചുകൊടുത്തു. നാലാൾക്കും കൂടി 2000 ദിർഹം കമ്മിഷനും അക്കൗണ്ടിലെത്തി. എന്നാൽ നാലാം ദിവസം ഒരാളുടെ അക്കൗണ്ട് ബ്ലോക്കായി. വൈകാതെ മറ്റു 3 പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചു. തൊട്ടുപിന്നാലെ ഖോർഫക്കാൻ പൊലീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിളിയെത്തി. തട്ടിപ്പുകാരുടെ കെണിയിലകപ്പെട്ട് പണം നഷ്ടപ്പെട്ട ഖോർഫക്കാനിൽനിന്നുള്ള ഒരു സ്ത്രീ നൽകിയ പരാതിയിൽ രേഖപ്പെടുത്തിയ അക്കൗണ്ട് നമ്പറുകളിൽ ഈ മലയാളികളുടേതുമുണ്ടായിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിലെ കണ്ണികളാണെന്ന് കാണിച്ച് പോലീസ് ഇവരെ ജയിലിലടച്ചു. പിന്നീട് ഈ തട്ടിപ്പിൽ കുടുങ്ങി പോയവരാണെന്ന് മനസ്സിലായതോടെ പാസ്സ്പോർട്ട് ജാമ്യത്തിൽ വിട്ടയച്ചു.

കേസ് തീരുന്നതുവരെ നാല് ചെറുപ്പക്കാർക്കും യാത്രാവിലക്കുണ്ട്. അക്കൗണ്ടിലേക്ക് പണം അയച്ച മുഴുവൻ പേരും പരാതി നൽകിയാൽ എല്ലാ കേസുകളിലും വിവിധ കോടതികളിൽ ഹാജരായി കേസിൽ വിധിയായി പിഴയടച്ച് വിടുതൽ നേടിയാൽ മാത്രമേ ഇനി ഇവർക്ക് നാട്ടിലെത്താനാകൂവെന്നാണ് റിപ്പോർട്ട്.

നല്ലൊരു വക്കീലിനെ കണ്ട് കേസ് നടത്തിയാൽ രക്ശപ്പെടുമെന്നാണെങ്കിലും, വക്കിലിന് ഫീസായി വലിയ തുക നൽകേണ്ടതിനാൽ ആ വഴിയും അടഞ്ഞു കിടക്കുകയാണ്. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ വിവിധ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും പിഴയടക്കാനുമാണ് ചെറുപ്പക്കാരിപ്പോൾ ബുദ്ധിമുട്ടുന്നത്.

ഇത്തരം തട്ടിപ്പുക്കാർ ദിനംപ്രതി യുഎഇയിൽ വർധിച്ചുവരികയാണെന്നും ഇവരുടെ കെണികളിൽ അകപ്പെടാതെ സൂക്ഷിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

You May Also Like

More From Author

+ There are no comments

Add yours