കുവൈറ്റിലെ തീപ്പിടിത്തം; മരിച്ചവരിൽ കൊല്ലം സ്വദേശിയായ മലയാളിയെ തിരിച്ചറിഞ്ഞു

1 min read
Spread the love

കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീറിനെയാണ് തിരിച്ചറിഞ്ഞത്. എൻബിടിസി കമ്പനിയിലെ ഡ്രൈവറാണ് ഇദ്ദേഹം.

സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്. നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ കഴിയുകയാണ്. നിരവധി തമിഴ്‌നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. 196 പേരായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായുള്ള ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പർ: +965-65505246

മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്‌ളാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്.

കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് അപകട സ്ഥലം സന്ദർശിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. സംഭവത്തിൽ ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

തീപിടിത്തത്തിൽ 30 പേർ മരിച്ചതായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആവശ്യമായ സജ്ജീകരണങ്ങൾ രാജ്യത്തെ ആശുപത്രികളിൽ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours