അൽ ഐൻ: അൽ ഐനിലെ കുടുംബ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മുങ്ങിമരിച്ചത്. വീട്ടുകാരുടെ ശ്രദ്ധ തെറ്റി നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിച്ചത്.
കുട്ടി സഹോദരിയോടൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലിക്ക് പോകുന്നതിന് മുമ്പ് പിതാവ് കുട്ടികളെ അകത്ത് കയറ്റി വാതിൽ പൂട്ടിയിരുന്നെങ്കിലും, അമ്മയുടെ ശ്രദ്ധ മാറിയപ്പോൾ കുട്ടികൾ വീണ്ടും പുറത്തേക്ക് പോവുകയായിരുന്നു. നിമിഷങ്ങൾക്കകം ഈസ വെള്ളം നിറഞ്ഞ ടാങ്കിൽ വീഴുകയായിരുന്നു.

“എല്ലാം വെറും മിനിറ്റുകൾക്കുള്ളിൽ സംഭവിച്ചു,” പള്ളിയിലെ ഇമാമും അധ്യാപകനുമായ പിതാവ് പറഞ്ഞു. “ജോലിക്ക് പോകുന്നതിനുമുമ്പ്, മക്കളെ അകത്തേക്ക് കൊണ്ടുപോയി ഞാൻ വാതിൽ പൂട്ടിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ, ഈസ മരിച്ചുപോയി എന്ന് അലറിവിളിക്കുന്ന ഭാര്യയുടെ ഫോൺ കോളാണ് പിന്നീടെ എന്നെ തേടി എത്തുന്നത്. ഞാൻ വീട്ടിലേക്ക് ഓടി, അയൽക്കാർ അവനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെയെത്തിയപ്പോൾ, എൻ്റെ കുഞ്ഞു ഈസ മരിച്ചുപോയെന്ന് അവർ പറഞ്ഞു.”
“ഈസയും സഹോദരിയും വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, പിന്നീട് മുൻവശത്തെ മുറ്റത്തേക്ക് മാറി. ഞാൻ അവരെ ഓരോ മിനിറ്റിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്, എൻ്റെ മകൾ ‘അമ്മേ, ഈസ കുഴിയിൽ വീണു!’ എന്ന് നിലവിളിക്കുന്നത് കേട്ടു.” തകർന്നുപോയ കുട്ടിയുടെ മാതാവ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.
“ഞാൻ പുറത്തേക്ക് ഓടി, അവൾ സ്ഥലം ചൂണ്ടിക്കാണിച്ചപ്പോൾ, എൻ്റെ മകൻ വാട്ടർ ടാങ്കിൽ പൊങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു. ടാങ്കിൻ്റെ ഒരു ഭാഗം ഭൂമിക്കടിയിലായിരുന്നു. ഞാൻ സഹായത്തിനായി നിലവിളിച്ചു, അയൽക്കാർ ഓടിയെത്തി. ഈസയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു,” അവർ പറഞ്ഞു.

+ There are no comments
Add yours