യുഎഇ: രാജ്യത്തുടനീളം കനത്ത മഴയും ആലിപ്പഴ വർഷവും തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ യുഎഇയുടെ പലഭാഗത്തും അതിശക്തമായ മഴയാണ് ലഭിച്ചത്. കിഴക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. അൽ ഐൻ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലും മഴ ലഭിച്ചു. കൂടാതെ ഷാർജയുടെ ചില ഭാഗങ്ങളിലും ശക്തമായ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.
നിലവിൽ രൂപപ്പെട്ട ന്യൂനമർദ്ദവും സംവഹന മേഘങ്ങളും കാരണമാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നിർദേശ പ്രകാരം വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു.
അൽ-നൗഫ് , അബുദാബി റോഡ് – അൽ-സഫ്ര സ്ട്രെച്ച്, വാദി അൽ-അജിലി, വാദി അൽ-ഖൗർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അതിനാൽ ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. കൂടാതെ കനത്ത മഴയും വെള്ളപ്പൊക്കസാധ്യതയും കണക്കിലെടുത്ത് ദുബായ് പോലീസ് പൊതുജനങ്ങൾക്ക് അടിയന്തര സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
മഴ കാരണം ദൂരക്കാഴ്ച കുറയുന്നതിനും റോഡുകളിൽ വഴുക്കലുള്ളതാകാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. കൂടാതെ അപകടങ്ങൾ ഒഴിവാക്കാനായി വാഹനങ്ങളുടെ വേഗതപരിധി കൂടെ നിശ്ചയിച്ചിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറി സഞ്ചരിക്കാനും നിർദേശം നൽകി.

+ There are no comments
Add yours